Sunday, April 28, 2024
spot_img

മണ്ഡലകാലത്ത് ശബരിമലയിൽ ആരോഗ്യവകുപ്പ് അധികക്രമീകരണങ്ങൾ ഒരുക്കും; മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു, ഒരുങ്ങുന്നത് കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ

പന്തളം: ശബരിമലയിൽ കൂടുതൽ തിരക്ക് മുന്നിൽ കണ്ട് കൂടുതൽ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ രോഗങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകും. കോവിഡാനന്തര രോഗങ്ങൾ കൂടി മുന്നിൽകണ്ട് വ്യക്തികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കത്തക്ക വിധമാണ് ക്രമീകരണങ്ങളൊരുക്കുന്നത്. കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ജീവനക്കാർക്ക് ആവശ്യമെങ്കിൽ ജീവൻ രക്ഷാ പരിശീലനം നൽകാനും മന്ത്രി നിർദേശം നൽകി. ശബരിമലയിൽ മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

പത്തനംതിട്ട ജില്ലയിലും സമീപ ജില്ലകളായ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ചികിത്സാ സൗകര്യങ്ങളൊരുക്കും. അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതാണ്. എല്ലാ ആശുപത്രികളും സന്ദർശിച്ച് പ്രവർത്തനം വിലയിരുത്താൻ നോഡൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി. ഡോക്ടർമാരേയും പാരമെഡിക്കൽ സ്റ്റാഫുകളേയും സമയബന്ധിതമായി നിയമിക്കണം. മരുന്നുകളും സാമഗ്രികളും എത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി. ഇതോടൊപ്പം മതിയായ ആംബുലൻസ് സേവനങ്ങളും ലഭ്യമാക്കും.

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കും. പമ്പയിലും സന്നിധാനത്തും താത്ക്കാലിക ഭക്ഷ്യ സുരക്ഷാ ലാബുകൾ സ്ഥാപിക്കും. വെള്ളം, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയുടെ പരിശോധന ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. ആയുഷ് വിഭാഗങ്ങളും തീർത്ഥാടകർക്ക് സേവനം ഉറപ്പാക്കും. പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കണം. തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് കൊതുകുനിവാരണത്തിന് വെക്ടർ കൺട്രോൾ പ്രവർത്തനങ്ങൾ തുടങ്ങും.

Related Articles

Latest Articles