Monday, April 29, 2024
spot_img

ഇനി ഇളവുകൾ ഇല്ല ;പാര്‍ട്ടിക്കുള്ളിൽ പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സിപിഐ

ദില്ലി : പാര്‍ട്ടിക്കുള്ളിൽ പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സിപിഐ. 75 വയസെന്ന പ്രായപരിധിയില്‍ ആർക്കും ഇളവ് നല്‍കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ വിവിധ റിപ്പോര്‍ട്ടുകളിന്മേല്‍ ചർച്ച തുടരുകയാണ്. പ്രായപരിധിയെ ചൊല്ലി കേരളത്തില്‍ പരസ്യപ്പോര് വരെ നടന്നതിനൊടുവിൽ സിപിഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുകയാണ്. സംസ്ഥാന നേതൃത്വം പ്രായപരിധിയില്‍ നിലപാട് കടുപ്പിച്ചപ്പോഴും പാര്‍ട്ടി കോണ്‍ഗ്രസില്‍ പിടിവള്ളിയെന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വിഭാഗീയ സ്വരമുയ‍ര്‍ത്തിയ നേതാക്കൾ. എന്നാല്‍ പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തിയത്.

പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കളില്ലെന്ന സംഘടന റിപ്പോര്‍ട്ടിയിലെയടക്കം ആത്മവിമർശനത്തിനൊടുവിലാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിക്കുന്നത്. കനയ്യകുമാര്‍ പാര്‍ട്ടി വിട്ടതും വിമ‍ശനത്തിന് ആക്കം കൂട്ടിയിരുന്നു. കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളില്‍ ഒരു പക്ഷെ ഇളവ് നല്‍കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണ്ടി വരും. പ്രായപരിധിയെന്ന തീരുമാനം നേരത്തെയെടുത്ത സിപിഎമ്മില്‍ പിബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എസ് രാമചന്ദ്രൻപിള്ള ഉള്‍പ്പെടെയുള്ളവരെ പ്രത്യേക ക്ഷണിതാക്കളാക്കാന്‍ തീരുമാനിച്ചിരുന്നു.

Related Articles

Latest Articles