Monday, May 20, 2024
spot_img

ഇനി സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്താം; നിർണായക മാറ്റം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ നിലയിലുള്ളതൊഴികെയുള്ള മൃതശരീരങ്ങൾ മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ വെച്ച് സൂര്യാസ്തമയത്തിനുശേഷവും പോസ്റ്റ്‌മോർട്ടം നടത്താമെന്നാണ് പുതിയ നിർദ്ദേശം.

അവയവ ദാനം നടത്തുന്നതിന് വേഗത്തിലാക്കാൻ വേണ്ടിയാണ് സർക്കാർ ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവിധ സൗകര്യവുമുള്ള ആശുപത്രികളിൽ 24 മണിക്കൂറും പോസ്റ്റ്മോ‍ര്‍ട്ടം നടത്താം. നിയമ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് പോസ്റ്റ്മോ‍ര്‍ട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കണമെന്നും നി‍ര്‍ദ്ദേശമുണ്ട്.

“ബ്രിട്ടീഷ് നിയമം അവസാനിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം അനുസരിച്ച് രാത്രികാലങ്ങളിൽ പോസ്റ്റ്മോ‍ര്‍ട്ടം നടത്താൻ സൗകര്യമുള്ള ആശുപത്രികളിൽ ഇനി 24 മണിക്കൂറും പോസ്റ്റ്മോ‍ര്‍ട്ടം നടത്താമെന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.” കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

Related Articles

Latest Articles