Thursday, May 16, 2024
spot_img

തീവ്രമഴ: കേരളത്തിനും തമിഴ്നാടിനും അടുത്ത ഒരാഴ്ച്ച നിർണായകം?

തിരുവനന്തപുരം: തെക്കേ ഇന്ത്യയിൽ കനത്ത മഴയാണ് (Heavy Rain In South India) കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ അതിശക്ത മഴ സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

കാറ്റിന്റെ ശക്തി വർദ്ധിക്കുന്നതും ചക്രവാതചുഴിയുടെ ചലനവും അനുസരിച്ച് മഴയുടെ അളവിൽ വർദ്ധനയുണ്ടാകാം. കൂടാതെ, പുതുതായി രൂപപ്പെട്ടേക്കാവുന്ന ന്യൂനമർദ്ദം വരും ദിനങ്ങളിൽ കൂടുതൽ മഴയ്ക്ക് കാരണമായേക്കാം. കേരളത്തിലും തമിഴ്‌നാട്ടിലും കൂടുതൽ മഴ പെയ്യുകയും ഡാമുകൾ നിറയുകയും ചെയ്യുന്ന സാഹചര്യമാണ്. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ലഭിക്കുന്ന അധികമഴ തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും ഒഴുകുന്ന നദികളിൽ ഒഴുക്കിന്റെ ശക്തി വർദ്ധിപ്പിക്കുകയും കാവേരിയിൽ ജലനിരപ്പുയരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.

തെക്കൻ കർണാടകത്തിൽ അമിതമഴയും മണ്ണിടിച്ചിലും ഉണ്ടാകാനും ഇത് കാരണമായേക്കും. തമിഴ്‌നാട്ടിൽ വൈഗ ഡാം ഇപ്പോൾത്തന്നെ നിറഞ്ഞതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും തമിഴ്‌നാടിന് കൂടുതൽ ജലം എടുക്കാനാകാത്ത സ്ഥിതിയാണ്. കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രമേഖലകളിൽ ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങളും ചക്രവാതച്ചുഴികളും അടുത്ത ഒരാഴ്ചത്തെ സാഹചര്യം കേരളത്തിനും തമിഴ്‌നാടിനും സങ്കീർണ്ണമാക്കിയേക്കാമെന്നാണ് വിലയിരുത്തൽ.

അതേസമയം ബംഗാൾ ഉൾക്കടലിൽ തെക്കു ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് രാവിലെ 8.30 നാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. ന്യൂനമർദ്ദം പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബർ 15 ഓടെ വടക്കു ആൻഡമാൻ കടലിലും തെക്കു – കിഴക്കു ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ച്, അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ തീരത്തു പ്രവേശിക്കാനാണ് സാധ്യത.

Related Articles

Latest Articles