Saturday, May 11, 2024
spot_img

തോരാമഴയും മണ്ണിടിച്ചിലും! ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്51 പേര്‍ക്ക്; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു

ദില്ലി: ഹിമാചലിലെ തോരാമഴയിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത് 51പേര്‍ക്കെന്ന്. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ഇന്ന് രാജ്ഭവനിലെ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് മാറ്റിവച്ചതായി ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ല അറിയിച്ചു. ഷിംലയെയും മണ്ഡി ജില്ലയെയുമാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മരണ സംഖ്യ ഇനിയു ഉയര്‍ന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളന്‍ ജില്ലയിലെ ജാദോന്‍ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. ആറുപേരെ രക്ഷിച്ചു.ബലേരയില്‍ കുടില്‍ തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ നാല് പേരും മരിച്ചു.

അതേസമയം, ജുട്ടോഗിനും സമ്മര്‍ഹില്‍ സ്റ്റേഷനും ഇടയ്‌ക്കുളള കാല്‍ക്ക – ഷിംല റെയില്‍വെ ട്രാക്ക് കനത്ത മഴയില്‍ ഒഴുകിപോയി.ഉരുള്‍പൊട്ടലില്‍ ഷിംല സമ്മര്‍ ഹില്ലിലെ ശിവക്ഷേത്രം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. മണ്ണില്‍ കുടുങ്ങിയ 20 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.കരസേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം മണ്ഡി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴുപേര്‍ ഒലിച്ചുപോയി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
മണ്ഡിയിലെ തന്നെ സെഗ്ലി പഞ്ചായത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു. രണ്ട് വയസുള്ള ഒരു കുട്ടി അടക്കമാണിത്. മേഖലയില്‍ കുടുങ്ങി കിടന്ന മൂന്നുപേരെ രക്ഷിച്ചു. ഷിംലയിലെ ഫഗ്ലി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 17 പേരെ രക്ഷിച്ചു.

ഉത്തരാഖണ്ഡിലെ ആറുജില്ലകളില്‍ കനത്തമഴ തുടരുകയാണ്. ചാര്‍ധാം തീര്‍ത്ഥാടന യാത്ര രണ്ടുദിവസത്തേക്ക് മാറ്റിവച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടു സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി.പൗരിയില്‍ റിസോര്‍ട്ട് തകര്‍ന്ന് അഞ്ചു പേര്‍ മണ്ണില്‍ കുടുങ്ങി. പത്തുവയസുകാരിയെ രക്ഷിച്ചു. ഹരിയാന കുരുക്ഷേത്രയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് ബദ്രിനാഥ്, കേദാര്‍നാഥ്, ഗംഗോത്രി ദേശീയപാതകളിലെ ഗതാഗതം തടസപ്പെട്ടു. അതിനിടെ ഡെറാഡൂണില്‍ ഡിഫന്‍സ് കോളേജിന്റെ ഭാഗം തകര്‍ന്ന് വീഴുമെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉന്നതതലയോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. ഉത്തരാഖണ്ഡിലും ഹിമാചലിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Related Articles

Latest Articles