തിരുവനന്തപുരം: തമിഴ്നാട് തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഏഴ് വരെ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തിരുവനന്തപുരവും, കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ വിവിധ നദികളിൽ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മഴ ശക്തമായതോടെ മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ രാവിലെ 15 സെന്റീമീറ്റർ ഉയർത്തി. ഡാമിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് ആറന്മുള, തോട്ടപ്പുഴശ്ശേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ രണ്ടടിയോളം വെള്ളമുയർന്നു. ജനവാസ മേഖലകൾ വെള്ളത്തിനടിയിലായതോടെ ഇവിടുത്തെ കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
റാന്നി മേഖലയിൽ നിലവിൽ മഴയ്ക്ക് ചെറിയ ശമനമുണ്ടെങ്കിലും പ്രളയഭീതി പൂർണമായി ഒഴിഞ്ഞിട്ടില്ല. മാമുക്ക്, ചെട്ടിമുക്ക് ജങ്ഷനുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പമ്പയാറ്റിലും കക്കട്ടയാറ്റിലും ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയാണ്.ചെങ്ങന്നൂർ മേഖലയിലും സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പാണ്ടനാട്, തിരുവൻവണ്ടൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധിവീടുകളിൽ വെള്ളം കയറി.
ചെങ്ങന്നൂർ താലൂക്കിൽ മാത്രം നിലവിൽ 20 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി എം. ലിജു അറിയിച്ചു. തൊള്ളായിരത്തോളം ആളുകളെ ഇതിനകം ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ താലൂക്ക് തലത്തിൽ പ്രത്യേക നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

