Saturday, May 18, 2024
spot_img

നിസ്സാരകാര്യമല്ല; ലക്ഷദ്വീപിലേക്ക് മയക്കുമരുന്നെത്തിയത് നേരിട്ട് പാകിസ്ഥാനിൽ നിന്ന്; ലഹരിക്കടത്തിന് ഭീകരബന്ധം; ആയുധങ്ങളും കടത്തിയെന്ന് സൂചന; അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും

കൊച്ചി: ലക്ഷദ്വീപിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് എത്തിയത് പാകിസ്ഥാനിൽ നിന്നുമാണെന്നും സംഭവത്തിന് ഭീകരബന്ധമെന്നും റിപോർട്ട്. ആയുധങ്ങളും ഒപ്പവും കടത്തിയതായി സൂചന. കേസന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും. സംഭവത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുവഴി ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം പരിശോധ‌ിക്കുന്നുണ്ട്.

ഇതിനിടെ, സംഭവത്തിൽ ഡിആർഐ തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. കന്യാകുമാരി, നാഗർകോവിൽ മേഖലകളിലായിരുന്നു റെയ്ഡ്. നേരത്തേയും ലക്ഷദ്വീപ് തീരത്തുനിന്നു സമാനമായ രീതിയിൽ ഉയർന്ന അളവ് ലഹരി കടത്തുന്നതു പിടികൂടിയപ്പോൾ തോക്കുകൾ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ കേരള ബന്ധം ഉൾപ്പടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരിക്കു പുറമേ ആയുധവും കടത്തിയിട്ടുണ്ടാകാമെന്ന സംശയം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഡിആർഐയുടെ നേതൃത്വത്തിൽ നടത്തിയ ലഹരിവേട്ടയിൽ രണ്ടു ബോട്ടുകളിൽ നിന്നായി മലയാളികൾ ഉൾപ്പെടെ 20 പേരാണ് കസ്റ്റഡിയിലായത്.

അഗത്തി തീരത്തു സംശയകരമായി കണ്ട ബോട്ടുകൾ ഡിആർഐയും തീര സംരക്ഷണ സേനയും ചേർന്നു പിടികൂടി കൊച്ചിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് ഉയർന്ന അളവിൽ ലഹരി കണ്ടെത്തിയത്. ഒരു കിലോ വീതമുള്ള 218 പൊതികളിലാക്കി ബോട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. കഴിഞ്ഞ ഒരു മാസത്തിനിടെ 2500 കോടി രൂപ വില വരുന്ന ലഹരിയാണ് ഡിആർഐ പിടികൂടിയത്.

Related Articles

Latest Articles