Saturday, May 4, 2024
spot_img

പോലീസ് മർദിച്ചെന്ന ഹൈബിയുടെ പ്രചാരണം തെറ്റ്; നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്

ദില്ലി: കെ റയിൽ പ്രതിഷേധങ്ങൾക്കിടയിൽ പോലീസ് മർദിച്ചെന്ന ഹൈബി ഈഡൻ ( Hibi Eden Protest In Delhi ) എംപിയുടെ വാദം തെറ്റെന്ന് റിപ്പോർട്ട്. മുഖം ക്യാമറയിൽ തട്ടുകയാണ് ചെയ്തതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

മറ്റൊരു മാധ്യമത്തിന്റെ ക്യാമറയിലാണ് യഥാര്‍ത്ഥത്തില്‍ ഹൈബി ഈഡന്റെ മുഖം തട്ടുന്നത്. തൊട്ടടുത്ത് നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന മറ്റൊരു ചാനലിന്റെ വീഡിയോയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. എന്നാല്‍ ഹൈബി ഈഡനെ പോലീസ് മുഖത്തടിച്ചു എന്ന പേരിലാണ് പല മലയാള മാദ്ധ്യമങ്ങളിലും സ്‌ക്രോള്‍ പോകുന്നത്. ഉന്തിന്റേയും തള്ളിന്റേയും ഇടയില്‍ പെട്ടിട്ടാണ് ഹൈബിയുടെ മുഖം ക്യാമറയില്‍ തട്ടുന്നത്. അടികിട്ടിയ ഉടനെ തന്നെ ഹൈബി മുഖം പൊത്തുന്നതും, അല്‍പ്പനേരത്തേക്ക് സ്തബ്ധനായി പോകുന്നതും രണ്ട് ചാനലിന്റേയും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

എംപിമാരും പോലീസും തമ്മിലുള്ള ഉന്തും തള്ളും ചിത്രീകരിക്കുന്നതിനായി ചാനലുകളും സ്ഥലത്ത് വലിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടാക്കിയിരുന്നു. ഇതിനിടെയാണ് അബദ്ധത്തില്‍ ഹൈബി ചെന്ന് ക്യാമറയിലേക്ക് ഇടിച്ച് വീഴുന്നത്. എന്നാല്‍ ക്യാമറ തട്ടിയതിനെയാണ് കോണ്‍ഗ്രസ് എംപിമാരും ചാനലുകളും വക്രീകരിച്ച് പോലീസിന്റെ അടികൊണ്ടു എന്ന രീതിയില്‍ ആക്കിയത്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം അനുവദിക്കില്ലെന്ന് പോലീസുകാര്‍ എംപിമാരോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് പ്രകടനം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. എംപിമാര്‍ ഇതിന് മുകളില്‍ കയറി നിന്ന് പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു. ഇതും മറികടന്ന് എംപിമാര്‍ പോയതോടെയാണ് ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. അതേസമയം തന്നെ പോലീസ് അടിച്ചുവെന്ന ഹൈബിയുടെ ആരോപണങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ ട്രോളുകളാണ് ഉയരുന്നത്.

അതേസമയം ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും കെ റെയിൽ പദ്ധതിയുടെ അനുമതിയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് പിണറായി പ്രധാനമന്ത്രിയെ കണ്ടത്. പ്രക്ഷോഭങ്ങളെ മറികടന്ന് സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം തേടുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നിട്ടുണ്ടെന്നാണ് വിവരം.

Related Articles

Latest Articles