Sunday, June 2, 2024
spot_img

കോഴിക്കോട് ഇരട്ട സ്ഫോടന കേസ്‌: തടിയന്റവിട നസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു; എന്‍ഐഎയ്ക്ക് തിരിച്ചടി

കൊച്ചി: കോഴിക്കോട്‌ ഇരട്ട സ്‌ഫോടന കേസിൽ തടിയന്റവിട നസീർ ((Thadiyantavida Naseer) അടക്കമുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എന്‍ ഐ എ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. നസീറിന് പുറമെ കൂട്ടുപ്രതിയായ ഷഫാസിനെയാണ് വെറുതെ വിട്ടിരിക്കുന്നത്.

അബ്ദുൾ ഹാലിം, അബൂബക്കർ യുസഫ് എന്നിവരെ വെറുതെ വിട്ടതിനെതിരായ എൻ ഐ എ അപ്പീൽ കോടതി തള്ളി. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരുടെ ആവശ്യം. പ്രതികളുടെ അപ്പീൽ ഹർജിയും രണ്ട് പ്രതികളെ വെറുതേ വിട്ടതിനെതിരായ എൻ ഐ എ ഹർജികളിലും വാദം കേട്ട ശേഷമാണ് ജസ്റ്റീസ് വിനോദ് ചന്ദ്രന്‍, ജസ്റ്റീസ് സിയാദ് റഹ്‌മാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

2006 ലാണ് കോഴിക്കോട് മൊഫ്യൂസിൾ ബസ്റ്റാന്‍റിലും കെ.എസ്ആർടിസി സ്റ്റാന്റിലും സ്ഫോടനം നടക്കുന്നത്. ​ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തിയ കേസില്‍ ശിക്ഷവിധിക്കുന്ന ആദ്യത്തെ കേസാണ് കോഴിക്കോട്ടെ ഇരട്ട സ്ഫോടനം.

Related Articles

Latest Articles