Tuesday, May 7, 2024
spot_img

സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി…മന്ത്രിമാർക്ക് താൽപര്യം വിദേശ യാത്രകൾ മാത്രം…

മന്ത്രിമാർക്ക് വിദേശയാത്രയിലാണോ താത്പര്യമെന്ന് ചോദിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ഹെെക്കോടതിയുടെ വിമർശനം. സർക്കാർ കോടതി ഉത്തരവുകൾ നടപ്പാക്കുന്നില്ല. സർക്കാർ കോടതിയുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ഈ സർക്കാരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.നാളികേര വികസന കോർപറേഷനിലെ മുൻ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള കുടിശിക മൂന്നു മാസത്തിനുള്ളിൽ നൽകാൻ 2018 ഒക്ടോബർ 17ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരുവർഷം കഴിഞ്ഞിട്ടും ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് മുൻ ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. സർക്കാർ നടപ്പാക്കുന്നില്ലെങ്കിൽ കോടതി ഉത്തരവുകൾ കൊണ്ടു പ്രയോജനമില്ല. സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ജനങ്ങൾക്ക് അവർ അർഹിക്കുന്ന സർക്കാരിനെയാണ് ലഭിക്കുകയെന്നൊരു ചൊല്ലുണ്ട്. സർക്കാർ പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് മാദ്ധ്യമങ്ങളിലൂടെ മനസിലാകുന്നുണ്ട്. പ്രായമായ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതാണ് തടസപ്പെട്ടത്. ഐ.എ.എസ് ഉദ്യോഗസ്ഥർ എ.സി മുറികളിലിരുന്ന് സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനസിലാക്കാതെയാണ് ഉത്തരവിറക്കുന്നത്. സർക്കാർ ബ്യൂറോക്രാറ്റുകളുടെ തടവിലാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല. നാളികേര വികസന കോർപറേഷന്റെ ഭൂമി മറ്റൊരു സ്ഥാപനത്തിന് പാട്ടത്തിന് നൽകിയിട്ടും ജീവനക്കാരുടെ കുടിശിക നൽകിയില്ല. ഇവരെ തൂക്കിക്കൊല്ലുകയായിരുന്നു ഇതിലും ഭേദം – സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. കോടതിയലക്ഷ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Related Articles

Latest Articles