Friday, May 17, 2024
spot_img

അധികാര പരിധിക്കുപുറത്തുള്ള ദേശീയ, രാജ്യാന്തര പ്രശ്നങ്ങളിൽ പതിവായി പ്രമേയം അവതരിപ്പിക്കൽ സ്ഥിരം കലാപരിപാടി; ഏകീകൃത സിവിൽ കോഡിനെതിരായ പ്രമേയം പിൻവലിക്കാൻ കോഴിക്കോട് കോർപറേഷനോട് ഹൈക്കോടതി നിർദേശം; ഫലം കണ്ടത് ബിജെപി നേതൃത്വം നടത്തിയ നിയമ പോരാട്ടം

കോഴിക്കോട് : ഇന്ന് ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയ ഏകീകൃത സിവിൽ കോഡിനെതിരായ പ്രമേയം പിൻവലിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചു. തങ്ങളുടെ അധികാര പരിധിക്കുപുറത്തുള്ള ദേശീയ, രാജ്യാന്തര പ്രശ്നങ്ങളിൽ പതിവായി പ്രമേയം അവതരിപ്പിക്കാറുള്ള കോർപറേഷന്റെ നീക്കം ആവർത്തിക്കുന്നതിനെതിരെ ബിജെപി നൽകിയ ഹർജിയിലാണ് കോടതി നടപടി . നേരത്തെ അധികാര പരിധിക്കുപുറത്തുള്ള കശ്മീർ വിഷയത്തിലടക്കം പ്രമേയം പാസാക്കി കോർപറേഷൻ വിവാദങ്ങളിൽ ചെന്ന് ചാടിയിരുന്നു.

കോർപറേഷന്റെ കൗൺസിലിലെ പ്രമേയങ്ങളിൽ കോർപറേഷന്റെ അധികാര പരിധിക്കുപുറത്തുള്ള വിഷയങ്ങൾ അനുവദിക്കരുതെന്ന് മുനിസിപ്പാലിറ്റി നിയമത്തിലെ പതിനെട്ടാം വകുപ്പിൽ പറയുന്നുണ്ട്. ഇത് നിലവിലിരിക്കെയാണ് കൗൺസിൽ യോഗത്തിൽ 137ാം അജൻഡയായി ഏകീകൃതസിവിൽ കോഡിനെതിരെ പ്രമേയം ഉൾപ്പെടുത്തിയത്. പ്രമേയം അവതരിപ്പിക്കരുതെന്ന് ബിജെപി കൗൺസിലർ നവ്യഹരിദാസ് മേയർക്കും സെക്രട്ടറിക്കും 19ന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇവർ അവതരണാനുമതി നിഷേധിച്ചില്ല. തുടർന്നാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്.കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്കെതിരെ പ്രമേയങ്ങൾ പാസാക്കാൻ ഭരണഘടനാപ്രകാരം കോർപറേഷൻ കൗൺസിൽയോഗത്തിന് അധികാരമില്ലെന്നും ഭരണഘടനയുടെ പരിധിയിൽപെടുന്ന വിഷയങ്ങളിൽ കോർപറേഷൻ എതിർപ്രമേയങ്ങൾ കൊണ്ടുവന്നാൽ കടുത്ത നടപടികളെടുക്കാനും വകുപ്പുകളുണ്ടെന്നും ബിജെപി ഹർജിയിൽ വ്യക്തമാക്കിയിരുന്നു .

കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് ഭരണഘടനാ വിരുദ്ധ നീക്കങ്ങൾ നടത്തുന്നവർക്കെതിരെയുളള താക്കീതാണ് ഹൈക്കോടതി ഉത്തരവെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ പ്രതികരിച്ചു.

“നിരന്തരമായി ഒരു ചടങ്ങുപോലെ ചട്ടങ്ങൾക്കു വിരുദ്ധമായി കൗൺസിൽ യോഗ അജണ്ടകളിൽ കേന്ദ്രസർക്കാരിനെതിരായും ഭരണഘടനക്കെതിരെയും പ്രമേയങ്ങൾ അവതരിപ്പിക്കുന്നത് നിയമ വിരുദ്ധ നീക്കങ്ങളാണ്. ഭരണഘടനയിൽ ഊന്നിപ്പറയുന്ന വിഷയത്തിനെതിരായി ഒരു നഗരസഭ ഔപചാരികമായി പ്രമേയം പാസ്സാക്കുന്നത് നിയമവിരുദ്ധമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിനുമുൻപ് കേന്ദ്രസർക്കാർ പാസ്സാക്കിയ നീതി ആയോഗിനെതിരെയുളള പ്രമേയവും കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ആക്ഷേപമുന്നയിച്ച് നോട്ടിസ് നൽകിയിട്ടും മേയറോ, സെക്രട്ടറിയോ അവതരണാനുമതി നിഷേധിക്കാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി തീരുമാനിച്ചതെന്നും സജീവൻ പറഞ്ഞു. നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പ്രമേയങ്ങൾ കൗൺസിൽ യോഗത്തിന്റെ ഔപചാരികമായ അജൻഡയിൽ ഉൾപ്പെടുത്തിയവർക്കെതിരെ പൊലീസ് കേസെടുക്കണം”- വി.കെ.സജീവൻ പറഞ്ഞു.

Related Articles

Latest Articles