Thursday, May 16, 2024
spot_img

സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം: പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന്കോടതി

കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ചൊവ്വാഴ്ചക്കകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇല്ലെങ്കില്‍ കോടതിയിടപെടുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഡിവിഷന്‍ ബെഞ്ചിനെ ചൊടിപ്പിച്ചത്. കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നയം കേന്ദ്രമോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

പിന്‍സീറ്റ് ഹെല്‍മറ്റ് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി നിയമപരമല്ല. കേന്ദ്ര നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദേശം.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിക്കും.

Related Articles

Latest Articles