തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തന്നെയാണ് തന്റേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണ ശബരിമലയിലേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയിലുള്ള അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ സംഘത്തിലെ യുവതികളെ തിരിച്ചയച്ച കാര്യത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ സൗകര്യങ്ങള്‍ വിഷയമാക്കിയ യോഗത്തില്‍ എല്ലാ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ദേവസ്വം ബോര്‍ഡിന് ഉണ്ടായിരിക്കുന്ന സാമ്പത്തിക ബാദ്ധ്യത ശബരിമല ഭക്തരില്‍ നിന്നും ലഭിക്കുന്ന നടവരവിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇത്തവണത്തെ മണ്ഡലകാലം മുതല്‍ ഭക്തരുടെ വാഹനങ്ങള്‍ ശബരിമലയിലേക്ക് കടത്തിവിടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.200 കെഎസ്ആര്‍ടിസി ബസുകളാണ് പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളിലൂടെ ഭക്തര്‍ ഉപയോഗപ്പെടുത്തുക. ഇത്തവണ ഈ ബസുകളില്‍ കണ്ടക്ടര്‍മാരും ഉണ്ടാകും. കഴിഞ്ഞ തവണ പമ്പയിലും നിലയ്ക്കലിലും ഉള്ള കൗണ്ടറുകളിലൂടെയാണ് ഭക്തര്‍ ടിക്കറ്റുകള്‍ എടുത്തിരുന്നത്. ഇത് ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. അംഗപരിമിതര്‍ക്കായി പ്രത്യേകം സര്‍വീസുകളും ഉണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

