Friday, April 26, 2024
spot_img

100 ശതമാനം വാക്​സിൻ; ചരിത്ര നേട്ടവുമായി ഹിമാചൽ പ്രദേശ്; ജയ്​ റാം താക്കൂർ സർക്കാർ ആഘോഷത്തിലേക്ക്

ദില്ലി: രാജ്യത്ത്​ 100 ശതമാനം പേരും കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ച ആദ്യ സംസ്​ഥാനമായി ഹിമാചൽ പ്രദേശ്​. സംസ്​ഥാനത്ത്​ 18 വയസിന്​ മുകളിലുള്ള 53,86,393പേർ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിച്ചു.

രാജ്യത്ത് കോവിഡിനെ ചെറുക്കാനുള്ള വാക്‌സിന്റെ രണ്ട് ഡോസും നിർബന്ധമായും സ്വീകരിക്കണമെന്നാണ് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എന്നാൽ 100 ശതമാനം വാക്‌സിനേഷൻ എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം നിറവേറ്റാൻ പല സംസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടില്ല. മറ്റ് ചില സംസ്ഥാനങ്ങളാകട്ടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിലാണ്.

അതിനിടെയിലാണ് ഹിമാചൽ പ്രദേശ് ഡിസംബർ നാലിന് 100% വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ചത്.

ആഗസ്​റ്റ്​ അവസാനത്തോടെ അർഹരായ എല്ലാവർക്കും ആദ്യ ഡോസ്​ നൽകിയ സംസ്​ഥാനം ഹിമാചൽ പ്രദേശാണെന്നും സർക്കാർ വക്താവ്​ അറിയിച്ചു.

കോവിഡ്​ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി ബിലാസ്​പൂർ എയിംസിൽ പ്രത്യേക ചടങ്ങ്​ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ ചടങ്ങിൽ പ​ങ്കെടുക്കും. പൗരൻമാർക്ക്​ വാക്​സിൻ കുത്തിവെയ്പ്പെടുക്കുന്നതിനായി മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ ​പ്രവർത്തകർക്ക്​​ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂർ, മുഖ്യമന്ത്രി ജയ്​ റാം താക്കൂർ, സംസ്​ഥാന ആരോഗ്യ മന്ത്രി രാജീവ്​ സായ്​സൽ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുക്കും.

ഹിമാചൽപ്രദേശിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ജനസംഖ്യയുടെ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും സർക്കാരും വളരെയധികം കഷ്ടപ്പെട്ടതിന്റെ ഫലമായിട്ടാണ് 100 ശതമാനം വാക്‌സിനേഷൻ എന്ന ലക്ഷ്യം ഹിമാചൽപ്രദേശ് നേടിയത്.

നവംബർ മുപ്പതിന് ലക്ഷ്യം കൈവരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ജനങ്ങളെ വാക്‌സിൻ എടുക്കുന്ന സ്ഥലത്തേക്ക് എത്തിക്കാൻ ഉണ്ടായ ബുദ്ധിമുട്ടാണ് സമയപരിതി നീട്ടാൻ ഇടയാക്കിയത്.

നാലോ അഞ്ചോ മാസം മുമ്പ് ആദ്യ ഡോസ് എടുത്ത ലക്ഷക്കണക്കിന് ആളുകൾ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ വൈകിയതും സർക്കാരിനെ വെട്ടിലാക്കി.

അതേസമയം വാക്‌സിനെടുക്കാൻ മടിച്ചു നിന്നിരുന്ന ആളുകളെ കണ്ടെത്തി അവർക്ക് നിർദേശങ്ങളും പ്രചോദനവും നൽകാൻ പഞ്ചായത്തുകളുടെ സഹായം സർക്കാർ സ്വീകരിച്ചിരുന്നു.

നിലവിൽ 18 വയസ്സിന് മുകളിലുള്ള ആളുകൾക്കുള്ള രണ്ടാം ഡോസിന്റെ വിതരണവും അവസാനഘട്ടത്തിലാണ്. കൂടാതെ ആരോഗ്യ രംഗത്ത് വലിയ രീതിയിലുള്ള വാക്‌സിനേഷൻ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.

ആരോഗ്യ പ്രവർത്തകർ ഓരോ ആളുകളുടെയും വീടുകൾ കയറിയിറങ്ങി ബോധവത്കരണം നടത്തിയിരുന്നു. പ്രായമായവരും രോഗികളും ശാരീരിക വൈകല്യമുള്ളവരും ഉള്ള വീടുകളിൽ നേരിട്ടെത്തിയാണ് വാക്‌സിൻ നൽകിയിരുന്നത്.

അതിനിടെ എല്ലാ മുതിർന്ന പൗരന്മാർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഹിമാചൽ മാറിയിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു സംസ്ഥാനം ഈ നേട്ടം സ്വന്തമാക്കിയത്.

ഹിമാചൽ പ്രദേശിന് പിന്നാലെ സമ്പൂർണ്ണ വാക്‌സിനേഷൻ എന്ന ലക്ഷത്തിലേക്ക് നടന്നടുക്കുന്ന മറ്റ് സംസ്ഥാനങ്ങളാണ് ഗോവയും സിക്കിമും. കൂടാതെ ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു, എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നേരത്തെ തന്നെ സർക്കാരിന്റെ ലക്ഷ്യം നിറവേറ്റിയിരുന്നു.

Related Articles

Latest Articles