നാഗ്പ്പൂർ: ദുർബലരായിരിക്കുക എന്നത് അതിക്രമത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്ന് ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ മനസ്സിലാക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ് ചാലക് ഡോ. മോഹൻജി ഭാഗവത്. ആർ എസ്സ് എസ്സിന്റെ തൊണ്ണൂറ്റിയൊമ്പതാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നാഗ്‌പൂരിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വിജയദശമി ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു ഭീഷണിയാണെന്ന പ്രചാരണം നടത്തിയാണ് ചിലർ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ അഴിച്ചുവിടുന്നത്. ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ ഭാരതത്തിന് ആശങ്കയുണ്ട്. ഇസ്രായേൽ ഹമാസ് യുദ്ധവും മേഖലയിൽ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ഇസ്രയേലും ഇറാനും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് അത് വഴിവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവും അദ്ദേഹം പരാമർശിച്ചു. ചില രാഷ്ട്രീയക്കാർ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതായും ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും രാഷ്ട്രത്തിന്റെ സംസ്കാരത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളും സമൂഹത്തെ നശിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ എസ് ആർ ഒ മുൻമേധാവി പത്മഭൂഷൺ കെ രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഐ എസ് ആർ ഒ മുൻ മേധാവി കെ ശിവൻ തുടങ്ങിയവർ നാഗ്പ്പൂർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു. 1925 ൽ വിജയദശമി ദിനത്തിലാണ് ആർ എസ്സ് എസ്സ് സ്ഥാപിതമായത്. 2025 ൽ സംഘടന നൂറു വർഷം പൂർത്തിയാക്കുകയാണ്. നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്. 2025 വിജയദശമി ദിനം മുതൽ 2026 വിജയദശമി ദിനം വരെ രാജ്യമെമ്പാടും വിപുലമായ പരിപാടികൾ നടക്കും. വിജയദശമി ദിനത്തിൽ കേരളത്തിൽ 194 കേന്ദ്രങ്ങളിലായി പഥസഞ്ചലനവും പൊതുസമ്മേളനങ്ങളും നടക്കുന്നുണ്ട് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തിൽ നൂറും തൃശൂർ മുതൽ കാസർകോട് വരെയുള്ള ഉത്തര കേരള പ്രാന്തത്തിൽ 94 കേന്ദ്രങ്ങളിലുമാണ് പരിപാടികൾ നടക്കുന്നത്

