Wednesday, May 8, 2024
spot_img

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സെക്കന്ദരാബാദ് ക്ലബിൽ വൻ തീപ്പിടിത്തം; 20 കോടി രൂപയുടെ നഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

ഹൈദരാബാദ്: രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ ക്ലബുകളിലൊന്നായ സെക്കന്ദരാബാദ് ക്ലബിൽ വൻ തീപ്പിടിത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

തീപ്പിടിത്തത്തിൽ ക്ലബ് പൂർണമായും കത്തിനശിച്ചുവെന്നാണ് വിവരം.തീപ്പിടിത്തത്തിൽ 20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

എന്നാൽ ആറ് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്ന് പോലീസ് അറിയിച്ചു.

സെക്കന്ദരാബാദ് ക്ലബ് സ്ഥിതിചെയ്യുന്നത് തെലങ്കാനയിലാണ്. 1878ൽ ബ്രിട്ടീഷുകാർ നിർമിച്ചതാണ് ഈ ക്ലബ്. സെക്കന്ദരാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത് നിലനിന്നിരുന്ന ഈ ക്ലബ് ഏകദേശം 22 ഏക്കർ ഭൂമിയിലാണ് പണിതുയർത്തിയത്.

കൂടാതെ ഹൈദരാബാദ് നഗരവികസന അതോറിറ്റി പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന കെട്ടിടമാണിത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന അഞ്ച് ക്ലബുകളിലൊന്നാണ് സെക്കന്ദരാബാദിലെ ക്ലബ്.

ആദ്യ പേര് സെക്കന്ദരാബാദ് ഗാരിസൺ ക്ലബ് എന്നായിരുന്നു . 1947 വരെ ബ്രിട്ടീഷുകാർക്കും ചില ഉന്നതർക്കും മാത്രമായിരുന്നു ക്ലബിലേക്ക് അംഗത്വം ലഭിച്ചിരുന്നത്. പിന്നീട് 1948ൽ ഇന്ത്യയുടെ സായുധ സേന ഹൈദരാബാദ് കീഴടക്കിയപ്പോൾ കമാൻഡറായിരുന്ന ജനറൽ ചൗധരി ഏതാനും മാസങ്ങൾ പ്രസിഡന്റായി ചുമതലയേറ്റു.

Related Articles

Latest Articles