Sunday, May 12, 2024
spot_img

സൈനിക വേഷത്തിലെത്തി ഹണിട്രാപ്പും! ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജകേസിൽ കുടുക്കിയ പ്രതി സ്ഥിരം കുറ്റവാളി? നാരായണദാസിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

കൊച്ചി: ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ കുടുക്കിയ വ്യാജ എൽഎസ്‌ഡി കേസിൽ പ്രതി ചേർക്കപ്പെട്ട തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണദാസ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. വിവിധ സേനാവിഭാഗങ്ങളുടെ വേഷത്തിലെത്തി ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പിലെ മുഖ്യപ്രതിയാണ് നാരായണദാസ് എന്ന് പോലീസ് പറയുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്. ഹണിട്രാപ്പ് കേസിലും ഇവർ കൂട്ടുപ്രതികളാണ്.

വ്യാജ ലഹരിക്കേസിൽ പ്രതിയായ ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. ഈ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പ്രതിയുടെ പശ്ചാത്തലം പുറത്തുവന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്‌കൂട്ടറിന്റെ ഡിക്കിയിൽനിന്ന് എക്സൈസ് സംഘം 12 എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെടുത്ത കേസിൽ ഷീലാ സണ്ണി 72 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. കേസിൽ നാരായണദാസിന്റെ പങ്കാളിത്തം പുറത്തുവന്നതോടെ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഇന്നു ഹാജരാകാനാണ് നാരായണദാസിനോടു നിർദേശിച്ചിട്ടുള്ളത്.

Related Articles

Latest Articles