Saturday, May 18, 2024
spot_img

ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്; ആയിരത്തിലധികം പേജുള്ള കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2 ലാണ് കുറ്റപത്രം സമർപ്പിക്കുക. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിക്കുക. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്.

സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ആറു വയസുകാരിയെ ആണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ ന​ഗരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിൽ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (52), ഭാര്യ എം ആർ അനിതാകുമാരി (45), മകൾ പി അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ നിർണായകമായത് ഫോറൻസിക് പരിശോധന ഫലമായിരുന്നു. സാമ്പത്തികലാഭത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനായി കൂടുതൽ കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു.

കേസിലെ പ്രതി ഒരു കോടി രൂപയോളം ബാധ്യതയുള്ള ആളാണെന്ന് വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു തട്ടിക്കൊണ്ടുപോകലിലൂടെ കണക്കുകൂട്ടിയിരുന്നത്.

Related Articles

Latest Articles