പാറ്റ്ന : ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ ഇൻഡി മുന്നണിയുടെ മഹാ സഖ്യത്തിൽ വൻ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച സഖ്യത്തിൽ നിന്ന് പുറത്ത് വന്ന് സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചു.
12 സീറ്റുകളായിരുന്നു ഇത്തവണ ജെഎംഎം ആവശ്യപ്പെട്ടത്. എന്നാൽ ഇത് ലഭിക്കാതെ വന്നതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്. ആദ്യഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇതോടെ നവംബർ 11ന് നടക്കുന്ന രണ്ടാം ഘട്ടത്തിലായിരിക്കും ജെഎംഎം മത്സരിക്കുക.ജാർഖണ്ഡ് അതിർത്തി പ്രദേശങ്ങളിൽ സ്വാധീനമുള്ള പാർട്ടിയാണ് ജെഎംഎം.
ആദ്യഘട്ടത്തിൽ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച 1250 പേർ പത്രിക സമർപ്പിച്ചു. ആദ്യ ഘട്ടത്തിൽ 121 സീറ്റിലേക്കാണ് നവംബർ ആറിന് വോട്ടെടുപ്പ് നടക്കുന്നത്.

