കണ്ണൂര്‍: വയോധികയുടെ മാലപൊട്ടിച്ച കേസില്‍ അറസ്റ്റിലായ കൂത്തുപറമ്പിലെ നഗരസഭാ കൗണ്‍സിലറെ
പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സിപിഎം പുറത്താക്കി. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറുമായ പി.പി. രാജേഷിനെതിരെയാണ് നടപടി. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുംവിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്നും സിപിഎം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. കണിയാര്‍ക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി. ജാനകിയുടെ മാലയാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു കടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. 77 കാരിയായ ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്തായിരുന്നു മോഷണം. വയോധിക അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് മുൻ വശത്തെ വാതിൽ വഴി അതിക്രമിച്ചു കയറിയ ഹെൽമറ്റ്ധാരി മാല പൊട്ടിച്ച് ഓടുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി എത്തിയ വാഹനം തിരിച്ചറിഞ്ഞത്. അതിൽ നിന്നാണ് നാലാം വാര്‍ഡ് കൗൺസിലറായ പി പി രാജേഷിലേക്ക് അന്വേഷണം എത്തിയത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് വിവരം. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു.

