Wednesday, May 15, 2024
spot_img

മനുഷ്യക്കടത്തിനും കേരളബന്ധം? തമിഴ്നാട്ടില്‍ നിന്നും കാനഡയിലേക്ക്, അന്വേഷണം കേരളത്തിലേക്കും

കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് കാനഡയിലേക്ക് നടന്നതായി സംശയിക്കുന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൊല്ലം കേന്ദ്രീകരിച്ച് വന്‍ ഗൂഡാലോചന ഉണ്ടായെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പുനലൂരിലെ തോട്ടം തൊഴിലാളിയായ ശ്രീലങ്കന്‍ വംശജയെ തെറ്റിദ്ധരിപ്പിച്ചാണ് മനുഷ്യക്കടത്തിനുളള ബോട്ട് കൊല്ലത്തുനിന്നു സംഘടിപ്പിച്ചതെന്ന അനുമാനത്തിലാണ് ക്യൂബ്രാഞ്ചും സംസ്ഥാന ഇന്‍റലിജന്‍സും.

ഇങ്ങനെ കാണാതായ ശ്രീലങ്കന്‍ വംശജരെ മല്‍സ്യബന്ധന ബോട്ടില്‍ കാനഡയിലേക്ക് കടത്തിയെന്നാണ് ക്യൂബ്രാഞ്ച് അനുമാനിക്കുന്നത്. മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് വാങ്ങിയത് കൊല്ലത്തു നിന്നാണെന്ന സൂചനകളെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു മാസമായി ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. കുളത്തൂപ്പുഴയില്‍ തോട്ടം തൊഴിലാളിയായ ഈശ്വരി എന്ന ശ്രീലങ്കന്‍ വംശജയുടെ പേരിലാണ് ബോട്ട് വാങ്ങിയത്. ഇത് വ്യക്തമാക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ട്.

ഈ ബോട്ട് പേരുമാറ്റി തമിഴ്നാട്ടിലെ കുളച്ചലിലേക്ക് കടത്തുകയായിരുന്നു. ബന്ധുവും തമിഴ്നാട് സ്വദേശിയുമായ ജോസഫ് രാജ് തന്നെ കബളിപ്പിച്ച് വില്‍പ്പന രേഖകളില്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നെന്നാണ് ഈശ്വരിയുടെ മൊഴി. മനുഷ്യക്കടത്തിനെ കുറിച്ച് തനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ഈശ്വരി ക്യൂബ്രാഞ്ചിന് മൊഴി നല്‍കി.

ബോട്ട് വാങ്ങാന്‍ ഈശ്വരിയെ പ്രേരിപ്പിച്ച ബന്ധു ജോസഫ് രാജ് മാത്രമാണ് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിലുളളത്. എന്നാല്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ബോട്ട് കേരളത്തില്‍ നിന്നു കടത്താന്‍ കൊല്ലത്ത് കൂടുതല്‍ പേരുടെ സഹായം കിട്ടിയെന്ന സംശയം ക്യൂബ്രാഞ്ചിനുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച കൊല്ലത്തെത്തും. കേന്ദ്ര ഇന്‍റലിജന്‍സും തുറമുഖ വകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

Related Articles

Latest Articles