പത്തനംതിട്ട: കലഞ്ഞൂരിൽ ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഭർത്താവ് വീട്ടിൽ കയറി യുവതിയെ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയിൽ. അടൂരിൽ നിന്നാണ് ഏഴംകുളം സ്വദേശിയായ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ വെട്ടിയ ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. ചാവടിമല സ്വദേശി വിദ്യയെയാണ് ഭർത്താവ് സന്തോഷ് വെട്ടിയത്. ആക്രമണത്തിൽ യുവതിയുടെ രണ്ട് കൈകൾക്കും ആഴത്തിൽ മുറിവേറ്റു. സന്തോഷ് ഭാര്യയായ വിദ്യയുടെ വീട്ടിൽ എത്തിയാണ് ആക്രമണം നടത്തിയത്.
അഞ്ചുവയസ്സുള്ള സ്വന്തം കുട്ടിയുടെ മുന്നിൽ വെച്ചാണ് സന്തോഷ് യുവതിയെ വെട്ടിയത്. വിദ്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയെന്ന് വെട്ടിയതെന്ന് പ്രതി പോലീസിന് മൊഴി നല്കി. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ വെച്ച് ഭാര്യയെ കൊല്ലാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാലിത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറി വെട്ടിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നിലവിൽ യുവതിയുടെ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ പൂർത്തിയായി.
രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. തടയാൻ ശ്രമിച്ച വിദ്യയുടെ അച്ഛൻ വിജയനും പരുക്കുണ്ട്. പ്രതി വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ സന്തോഷ് വീട്ടിൽ നിന്നും ഇറങ്ങിയോടി. ഇരുവരും കുറെയധികം ദിവസങ്ങളായി പിണങ്ങി കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനം കോടതി പരിഗണനയിൽ ഇരിക്കെയാണ് ആക്രമണം.

