കണ്ണൂര്‍ : അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫിനെയും സി.പി.ഐ.എമ്മിനെയും തകര്‍ത്തുകളയാമെന്ന് ആരും കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രസ്ഥാനത്തെ തളര്‍ത്താന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലത്തും അതിനു മുന്‍പും ശേഷവും വ്യക്തിപരമായ ഒട്ടേറെ കടന്നാക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. തന്നെയെന്ന വ്യക്തിയെയല്ല, പ്രസ്ഥാനത്തെയാണ് ശത്രുക്കള്‍ ലക്ഷ്യമിടുന്നതെന്ന തിരിച്ചറിവോടെയാണ് അതിനെയെല്ലാം പ്രതിരോധിച്ചതെന്നും ചരിത്രത്തില്‍ ഒരു ഘട്ടത്തിലും ഇത്തരം ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ശക്തമായ ആക്രമണങ്ങളാണ് നേരിട്ടത്. കോവിഡ് കാലത്ത് നാട് ഒന്നിച്ചുനില്‍ക്കേണ്ട ഘട്ടത്തില്‍പോലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായി. ഡാറ്റാ ചോര്‍ത്തല്‍, ബിരിയാണി ചെമ്പിലെ സ്വര്‍ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ എത്രത്തോളം ഹീനമായിരുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ഇത്തരം ആരോപണങ്ങളൊന്നും നിയമത്തിനു മുന്നില്‍ നിലനിന്നില്ല. ജനങ്ങള്‍ ഇതെല്ലാം ചവറ്റുകുട്ടയിലെറിയുകയും 2021-ല്‍ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം സമ്മാനിക്കുകയും ചെയ്തു. തുടര്‍ഭരണം വന്നതോടെ ആക്രമണങ്ങളുടെ മലവെള്ളപ്പാച്ചിലാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

