Monday, January 5, 2026

ദേവീകുളം എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവം: മൂന്നാർ എസ്ഐക്ക് സ്ഥലം മാറ്റം

ഇടുക്കി: പണിമുടക്കുമായി ബന്ധപ്പെട്ട് മൂന്നാറില്‍ നടന്ന പരിപാടിക്കിടെ ദേവികുളം എംഎല്‍എ എ രാജ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ മൂന്നാര്‍ എസ്‌ഐക്കെതിരേ വകുപ്പുതല നടപടി.

എസ്‌ഐ എം പി സാഗറിനെ ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് മാറ്റി നിയമിച്ചു. ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പ സാമിയാണ് ഉത്തരവിറക്കിയത്. പണിമുടക്കിന്റെ ഭാഗമായി മൂന്നാറില്‍ നടന്ന പൊതുയോഗത്തിനിടെ സമരാനുകൂലികളും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

സമരവേദിയില്‍ എംഎല്‍എ പ്രസംഗിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടയുകയായിരുന്നു. ഇതോടെ പോലിസ് ഇടപെടുകയും സംഘര്‍ഷം ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. പോലിസ് ഇടപെട്ടതോടെ എംഎല്‍എ നേരിട്ട് വേദിയില്‍ നിന്ന് ഇറങ്ങിവന്നു.

ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകരും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെത്തിയ എസ്‌ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റുകയും ഇത് തടയാനെത്തിയ എംഎല്‍എയെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. ഇതിനിടെ രാജ താഴെ വീഴുകയും ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അകാരണമായി മര്‍ദ്ദിച്ചെന്നാരോപിച്ച്‌ എ രാജ എംഎല്‍എ രംഗത്തെത്തിയിരുന്നു. പോലിസ് ഏകപക്ഷീയമായി സമരക്കാരെ മര്‍ദ്ദിക്കുകയായിരുന്നെന്ന് എ രാജ പറഞ്ഞു. മൂന്നാര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് എംഎല്‍എ പറഞ്ഞിരുന്നു.

സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരേ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ വി ശശിയും രംഗത്തുവന്നു. രണ്ടുദിവസമായി നടന്ന പണിമുടക്ക് ഇടുക്കിയില്‍ സമാധാനപരമായാണ് പോയിരുന്നത്. എന്നാല്‍, മൂന്നാറില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാത്രമാണ് സംഘര്‍ഷത്തിന് കാരണമായത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും കെ വി ശശി ആരോപിച്ചു.

Related Articles

Latest Articles