കൊച്ചി: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം കൊലപാതകത്തിൽ നിഖില്‍ പൈലിയ്ക്ക് പുറമെ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ നാല് പേരും എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും, കെഎസ് യു പ്രവർത്തകരുമാണ്. അക്രമത്തിൽ ബന്ധമുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
നിഖിലിന് പുറമേ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ആറ് ആയി.
എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ പറഞ്ഞിട്ടുണ്ട്. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചിട്ടുണ്ട്.

