ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ടാങ്ക് ജില്ലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ കവചിത വാഹനത്തിന് നേരെയാണ് ഭീകരർ ഐഇഡി ഉപയോഗിച്ച് ആക്രമണം നടത്തിയത്. നിരോധിത സംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ടിടിപി പുറത്തുവിട്ടു.
തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുതന്നെ മരിച്ചതായും രണ്ട് പേർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചതെന്നും ടാങ്ക് ഡെപ്യൂട്ടി പോലീസ് ചീഫ് പർവേസ് ഷാ അറിയിച്ചു. ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ), സബ് ഇൻസ്പെക്ടർ, മൂന്ന് എലൈറ്റ് ഫോഴ്സ് ഉദ്യോഗസ്ഥർ, ഡ്രൈവർ എന്നിവരാണ് മരിച്ചത്. റോഡരികിൽ മറിഞ്ഞുകിടക്കുന്ന തകർന്ന വാഹനത്തിന്റെ ദൃശ്യങ്ങളും സ്ഫോടനത്തിന് പിന്നാലെ പരിക്കേറ്റു കിടന്ന ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്.
രാജ്യത്തിന്റെ സമാധാനപരമായ ഭാവിക്ക് വേണ്ടി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ജീവത്യാഗം നിസ്തുലമാണെന്ന് പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമീപകാലത്തായി ഖൈബർ പഖ്തുൻഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. തങ്ങളുടെ മണ്ണിൽ ആക്രമണം നടത്താൻ അഫ്ഗാൻ താലിബാൻ ടിടിപി ഭീകരർക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. എന്നാൽ ഇത് പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്നമാണെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് കാബൂളിന്റെ നിലപാട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അതിർത്തി സംഘർഷത്തിന് പിന്നാലെ നിലനിൽക്കുന്ന ദുർബലമായ സമാധാന അന്തരീക്ഷത്തെ ഈ സംഭവം കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം

