Monday, May 6, 2024
spot_img

ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ! ചൈനീസ് നിരീക്ഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക !

ഇന്ത്യയുമായി ഒളിപ്പോരിനിറങ്ങിയ ചൈനയ്ക്ക് കനത്ത തിരിച്ചടികൾ തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ, ചൈനീസ് നിരീക്ഷണക്കപ്പലായ ഷി യാൻ 6ന് തീരത്ത് അടുക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നിഷേധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒക്ടോബറിൽ കപ്പൽ ശ്രീലങ്കയിൽ എത്തിക്കാനായിരുന്നു ചൈനയുടെ നീക്കം. എന്നാൽ ഇത് പുന:പരിശോധിക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കൊളംബോയിലെ ഹംബൻടോട്ട തുറമുഖത്ത് ശ്രീലങ്കൻ സർക്കാർ ഏജൻസിയുടെ സംയുക്ത പങ്കാളിത്തത്തോടെ 17 ദിവസത്തെ സമുദ്ര നിരീക്ഷണമാണ് ഷി യാൻ 6 ലക്ഷ്യമിട്ടിരിക്കുന്നത്.

ഒക്ടോബർ 25ന് കപ്പൽ ശ്രീലങ്കയിൽ എത്തിക്കാനായിരുന്നു ചൈന തീരുമാനിച്ചിരുന്നത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്നാണ് നിലവിൽ ശ്രീലങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ശ്രീലങ്കയുടെ ഈ മനംമാറ്റത്തിന് പിന്നിൽ ഇന്ത്യയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൊളംബോയിലും ഹംബൻടോട്ട തുറമുഖത്തും ചൈനീസ് ബാലിസ്റ്റിക് മിസൈൽ നിരീക്ഷണ യാനങ്ങൾക്ക് സ്വതന്ത്ര വിഹാരത്തിന് അനുമതി നൽകുന്നതിൽ ഇന്ത്യ ശ്രീലങ്കയെ ഔദ്യോഗികമായി തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുന്ന ഒരു നടപടികൾക്കും ശ്രീലങ്ക കൂട്ട് നിൽക്കരുത് എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്ന് കഴിഞ്ഞ ജൂലൈ മാസത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നേരത്തേ ചൈനക്ക് ശ്രീലങ്ക ഹംബൻടോട്ട തുറമുഖം 99 വർഷത്തേക്ക് ലീസിന് നൽകിയിരുന്നു. ശ്രീലങ്ക ചൈനക്ക് തിരികെ നൽകാനുള്ള വൻ വായ്പകൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ചൈന ഇത് നേടിയെടുത്തതെന്ന ആക്ഷേപം അന്നേ നിലവിലുണ്ടായിരുന്നു. അന്ന് ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യത്തിൽ അതൃപ്തി ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 2021ലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് 4 ബില്ല്യൺ ഡോളറിന്റെ സഹായമാണ് ഇന്ത്യ ശ്രീലങ്കക്ക് നൽകിയത്.

Related Articles

Latest Articles