Monday, May 13, 2024
spot_img

സർക്കാർ ഭൂമിയിലെ അനധികൃത മദ്രസകൾ പൊളിച്ചു ; ഉത്തരാഖണ്ഡിൽ സംഘർഷം ; നിരവധി പോലീസുകാർക്ക് പരിക്ക് ; അക്രമികളെ കണ്ടാലുടൻ വെടി വയ്ക്കാനുള്ള ഉത്തരവ് നൽകി പുഷ്‌കർ സിംഗ് ധാമി

ദില്ലി : അനധികൃത മദ്രസ പൊളിക്കാനെത്തിയ അധികൃതരെ ആക്രമിച്ച മതമൗലികവാദികള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കലാപകാരികളെ കണ്ടാലുടൻ വെടിവയ്ക്കാനുള്ള ഉത്തരവ് ഇറക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. സംഘര്‍ഷത്തെ തുടര്‍ന്ന് ഹൽദ്‌വാനിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു.

അതേസമയം, ഹൽദ്‌വാനിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച മദ്രസ കെട്ടിടം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ച് നീക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടി പുറപ്പെട്ടത്. കോടതി ഉത്തരവിനെ തുടർന്നാണ് മദ്രസ പൊളിക്കാൻ പോലീസും സർക്കാർ ഉദ്യോ​ഗസ്ഥരുമെത്തിയത്. അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന് പ്രതികാരമായി കലാപകാരികൾ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി കല്ലേറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.

ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസുകാരിൽ 100ലേറെ പേർക്ക് പരിക്കേറ്റു. സ്ത്രീകളെയും കുട്ടികളയുമടക്കമുള്ളവരെ മുന്നണിയിൽ അണിനിരത്തിയാണ് കലപകാരികൾ തെരുവിൽ ആക്രമണം അഴിച്ചുവിട്ടത്. കൂടാതെ, കലാപകാരികൾ ഒരു ട്രാന്‍സ്ഫോര്‍മര്‍ കത്തിക്കുകയും ചെയ്തതോടെ സമീപത്തെ വൈദ്യുതിയും മുടങ്ങി. മദ്രസ പൊളിക്കലിന് സ്റ്റേ വേണമെന്ന ഹർജി കോടതി തള്ളിയിരുന്നു. ഫെബ്രുവരി 14നാകും കേസ് വീണ്ടും പരി​ഗണിക്കുക.

Related Articles

Latest Articles