Wednesday, May 29, 2024
spot_img

പ്രളയ സെസ് ജൂൺ ഒന്ന് മുതൽ; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ പ്രളയ സെസ് ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. പ്രളയബാധിത ഗ്രാമങ്ങളിലെ വികസനം മുന്നിൽക്കണ്ടാണ് സെസ് പിരിവ്. പ്രളയ സെസുമായി ബന്ധപ്പെട്ട ഫയലില്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. 5 ശതമാനത്തിന് മുകളില്‍ ജിഎസ്ടി ചുമത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമാകും. രണ്ടു വര്‍ഷത്തേയ്ക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം സെസ് പിരിക്കാനാണ് തീരുമാനം.

രണ്ട് വര്‍ഷം കൊണ്ട് 1000 കോടി രൂപയാണ് സെസിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചെറുകിടവ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തു നടക്കുന്ന ഇടപാടുകള്‍ക്കാണ് സെസ്സ് ബാധകമാക്കുക. ജിഎസ്ടി ബാധകമായ സംസ്ഥാനാന്തര ഇടപാടുകള്‍ക്ക് സെസ്സ് ഇല്ല.

സ്വര്‍ണത്തിന് കാല്‍ ശതമാനം സെസ് ചുമത്തും. കെട്ടിട നിര്‍മാണ കരാര്‍, കേറ്ററിങ്, ഭക്ഷണ വില്പന, ഹോട്ടല്‍, സിനിമ തുടങ്ങി ആഡംബര സേവനങ്ങള്‍ക്കും സെസ് ചുമത്തും.

എന്നാല്‍ പ്രളയ സെസിലൂടെ അധികഭാരം അടിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയർത്തുന്നു. പ്രളയസെസ് അടിച്ചേല്‍പിക്കാനുള്ള നീക്കം ക്രൂരതയാണെന്നും തെരഞ്ഞെടുപ്പില്‍ തോൽപിച്ചതിന് ജനങ്ങളോടുള്ള പ്രതികാരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Related Articles

Latest Articles