Friday, May 17, 2024
spot_img

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ ജയിലടയ്ക്കുന്ന സ്ത്രീകളെ ശാരീരിക–ലൈംഗിക പീഡനത്തിനിരയാക്കുന്നു; മനുഷ്യാവകാശ പ്രവർത്തക ബിബിസിക്ക് അയച്ച കത്ത് പുറത്ത്

ടെഹ്‌റാൻ : ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ട സ്ത്രീകൾ ഇറാനിൽ ശാരീരിക–ലൈംഗിക പീഡനത്തിന് ഇരകളാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . സ്ത്രീ അവകാശ സംരക്ഷകയും ഡിഫന്റേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ ഡയറക്ടറുമായ നർഗീസ് മൊഹമ്മദി ബിബിസിക്ക് അയച്ച കത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലോകമറിഞ്ഞത്. പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത് വിവിധ ജയിലുകളിലേക്കു മാറ്റുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇവരെ ശാരീരിക–ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കുന്നതായി കത്തിൽ ആരോപിക്കുന്നു .

22കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. എവിന്‍ ജയിലിലേക്കു മാറ്റുന്നതിനിടെ കാറിൽ വച്ച് പ്രമുഖയായ ഒരു ആക്ടിവിസ്റ്റിനെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നും ജയിൽ അധികൃതർ ഇവരെ ലൈംഗികമായി പീഡിപ്പിച്ചെന്നും നര്‍ഗീസ് കത്തില്‍ പറയുന്നു.

മോട്ടർബൈക്കിൽ ജയിലിലേക്കു മാറ്റുന്നതിനിടെ രണ്ടു സുരക്ഷാ ജീവനക്കാർ മറ്റൊരു സ്ത്രീയെെയും ലൈംഗികാതിക്രമത്തിനിരയാക്കി.ഇറാനിലെ ധൈര്യമുള്ള സ്ത്രീകൾ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് നർഗീസ് കത്ത് അവസാനിപ്പിക്കുന്നത്. ഇറാനിലെ പ്രതിഷേധങ്ങൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഇറാന്റെ നടപടിക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ലോകമെമ്പാടും ഉയരുന്നത്.

Related Articles

Latest Articles