Wednesday, May 1, 2024
spot_img

‘ഇനി എന്റെ പേര് രാമസിംഹൻ അബൂബക്കർ എന്നായിരിക്കും’; വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

രാമസിംഹൻ അണിയിച്ചൊരുക്കുന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാമസിംഹൻ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. അടുത്തിടെ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ച അലി അക്ബർ രാമസിംഹൻ എന്ന പേര് സ്വീകരിച്ചിരുന്നു. ഈ പേരാണ് സംവിധായകന്റെ സ്ഥാനത്ത് വച്ചിട്ടുള്ളത്.

നിർമാതാവായി പഴയ പേരായ അലി അക്ബറും നൽകിയിട്ടുണ്ട്. മലബാർ കലാപത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വയനാട് ആണ് പ്രധാന ലൊക്കേഷൻ ചിത്രത്തിന്റെ എഡിറ്റിങും ‘രാമസിംഹ’നാണ് നിർവഹിച്ചിരിക്കുന്നത്. കൂടാതെ സംഘട്ടന രംഗങ്ങൾക്ക് പിറകിലും ‘രാമസിംഹനാണ്’.

ഇപ്പോഴിതാ എന്തുകൊണ്ടാണ് രണ്ട് പേരും ഉൾപ്പെടുത്തിയതെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. ഫേസ്ബുക് ലൈവിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആചാര വിധി പ്രകാരം ഹിന്ദുവായി പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും സിനിമയുടെ റജിസ്ട്രേഷനിലും ഇപ്പോഴും അലി അക്ബർ തന്നെയാണെന്നും അതുകൊണ്ടാണ് നിർമാതാവിന്റെ സ്ഥാനത്തുള്ള ‘അലി അക്ബർ’ എന്ന പേര് മാറ്റാത്തതെന്നും അദ്ദേഹം ലൈവിലൂടെ വ്യക്തമാക്കി.

‘അക്കൗണ്ടുകളിൽ പേര് മാറ്റുന്നത് വലിയ പ്രോസസ്സ് ആണ്. അതുകൊണ്ട് ഇപ്പോൾ നിർമാതാവിന്റെ സ്ഥാനത്ത് അലി അക്ബർ എന്നെ മാറ്റാൻ പറ്റൂ. ഹിന്ദു വിശ്വാസത്തിലേക്ക് മാറാനുള്ള പൂജകളും ചടങ്ങുകളുമെല്ലാം ചെയ്താണ് പുതിയ പേര് സ്വീകരിച്ചത്. ഞാനും എന്റെ ഭാര്യയും ഹിന്ദുമതത്തിലേക്ക് മാറി. ഇനി ഗസറ്റിൽ പ്രസിദ്ധീകരിച്ച് ചെയ്ത് രേഖാമൂലം പേര് മാറ്റണം. എനിക്ക് ക്ഷേത്രങ്ങളിൽ പോകണം അതുകൊണ്ടാണ് ആചാരവിധിപ്രകാരം ഹിന്ദുമതം സ്വീകരിച്ചത്. ഞാൻ പേരുമാറ്റി എന്ന് കരുതി എന്റെ പിതാവിന്റെ പേര് മാറുന്നില്ല. അതുകൊണ്ടു ഇനി എന്റെ പേര് രാമസിംഹൻ അബൂബക്കാർ എന്നായിരിക്കും’ -അദ്ദേഹം പറഞ്ഞു.

കൂടാതെ 1921 ലെ ചരിത്ര സത്യങ്ങൾ ഉൾപ്പെടുത്തി ഒരു സിനിമ എന്ന നമ്മുടെ ആഗ്രഹത്തിനും പൂർണ്ണത കൈവന്നിരിക്കുന്നുവെന്നും ഇന്നലെ തന്റെ സിനിമ പ്രമുഖരായ ഒരു കുഞ്ഞു സദസ്സിന് മുൻപിൽ സിനിമ പ്രദർശിപ്പിച്ചുവെന്നും വാരിയൻ കുന്നൻ ശിക്ഷിക്കപ്പെട്ട അതേ ദിവസം തന്നെ,100 ആം വാർഷികത്തിൽ തന്നെ അത് സാധ്യമാക്കിത്തന്ന മുഴുവൻ ജനങ്ങളോടും താൻ നന്ദി അറിയിക്കുന്നുവെന്നും രാമസിംഹൻ അറിയിച്ചു.

അതേസമയം മലബാർ കലാപത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വയനാട് ആണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിൽ തലൈവാസൽ വിജയ്, ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസൽ വിജയ് എത്തുന്നത്. മമധർമ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് നിർമാണം നടത്തുന്നത്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയം കുന്നൻ എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാമസിംഹൻ ‘1921 പുഴ മുതൽ പുഴ വരെ’ സിനിമ ചെയ്യുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

Related Articles

Latest Articles