Friday, May 3, 2024
spot_img

കഴിഞ്ഞ പത്ത് വർഷം ഭാരതം കണ്ടത് കേവലം ട്രെയിലർ മാത്രം! ഈ പുതുവർഷം കേരളത്തിന് വികസനത്തിന്റെ വർഷം; കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

തൃശ്ശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. വീണ്ടും വടക്കുംനാഥന്റെ മണ്ണിൽ വരാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി.
പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രാഷ്‌ട്രീയമാണ് ഇനി കേരളത്തിൽ ഉണ്ടാകുക. അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോദ്ധ്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറ‍ഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. മഹത്തായ പാരമ്പര്യത്തിന്റെ നാടാണ് കേരളം. വിഷുദിനത്തിൽ പുറത്തിറക്കിയ ബിജെപിയുടെ പ്രകടന പത്രികയിൽ രാജ്യത്തിന്റെ വികസനമാണ് മുന്നോട്ട് വെക്കുന്നത്. ആയുഷ് മാൻ ഭാരത് പദ്ധതി പ്രകാരം 73 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ചികിത്സ സഹായം ലഭിച്ചത്. 70 വയസിന് മുകളിലുള്ള എല്ലാവർക്കും ഇനി പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കും, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ആയിരക്കണക്കിന് വീടുകളാണ് കേരളത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്. യുവാക്കളെ സംരംഭകരാക്കുക എന്ന ലക്ഷ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. ഇതിനായാണ് മുദ്രാ വായ്പ പരിധി 20 ലക്ഷമായി ഉയർത്തിയത്.

അടുത്ത അഞ്ച് വർഷം രാജ്യത്ത് പുതിയ എക്സ്പ്രസ് വേകൾ, വന്ദേഭാരത് എക്സ് പ്രസുകൾ എന്നിവ യാഥാർത്ഥ്യമാക്കും. അത്യാധുനിക അടിസ്ഥാന സൗകര്യമായിരിക്കും രാജ്യത്തിന്റെ മുഖമുദ്ര. ദക്ഷിണ ഭാരതത്തിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.

വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണെന്ന് പ്രധാനമന്ത്രി സദസിനെ ഓർമ്മിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷം കൊണ്ട് രാജ്യത്തിന്റെ യശ്ശസ് ആ​ഗോളതലത്തിൽ ഉയർന്നു. കോൺ​ഗ്രസ് ഭരണത്തിൽ ഭാരതത്തെ ദുർബലരായാണ് ലോകം കണ്ടത്. ഇന്ന് വിദേശരാജ്യങ്ങളിൽ ഭാരതീയർക്ക് ലഭിക്കുന്ന ബഹുമാനം ഇതിന്റെ തെളിവാണ്. കഴി‍ഞ്ഞ പത്ത് വർഷം രാജ്യം കണ്ടത് കേവലം ട്രെയിലർ മാത്രമാണെന്നും വരുംനാളുകളിൽ ഒരുപാട് കാര്യങ്ങൾ നടക്കാനുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles