ഇന്ത്യ മുന്നണിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൻ ചന്ദ്രബാബു നായിഡു. താൻ എൻ ഡി എയുടെ ഭാഗമാണെന്നും മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വമ്പൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ എൻ ഡി എയിൽ ചന്ദ്രബാബു നായിഡു നിർണായക ഉപാധികൾ മുന്നോട്ട് വച്ചേക്കും. ആന്ധ്രയ്ക്ക് പ്രത്യേക പദവിയും ക്യാബിനറ്റിൽ സുപ്രധാന പദവികളും വിലപേശി വാങ്ങാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.
ആന്ധ്രയിൽ 25ൽ 21 പാർലമെൻറ് സീറ്റും എൻഡിഎ സഖ്യം തൂത്തുവാരിയതോടെ ദേശീയ രാഷ്ട്രീയത്തിൽ കിംഗ് മേക്കറുടെ റോളിലാണ് ഇപ്പോൾ എൻ ചന്ദ്രബാബു നായിഡു. അതിനാൽ തന്നെ ചന്ദ്രബാബു നായിഡുവുമായി ഇന്ത്യ മുന്നണി നേതാക്കൾ ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ പൂർണമായി തള്ളിക്കൊണ്ടാണ് എൻ ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന പുറത്തുവന്നത്. താൻ എൻ ഡി എയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഇക്കാര്യത്തിൽ ഒരു പുനരാലോചനയും ഇല്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതേസമയം, ചന്ദ്രബാബു നായിഡു സ്പീക്കർ പദവിക്കും അവകാശവാദം ഉന്നയിച്ചേക്കുമെന്ന് സൂചനയുണ്ട്.

