Saturday, April 27, 2024
spot_img

സംസ്ഥാനത്ത് 5 വയസുകാർ ഒന്നാം ക്ലാസിലെത്തും; കേന്ദ്രനിര്‍ദേശം തത്കാലം നടപ്പിലാകില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയായി നിലനിർത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. അഞ്ച് വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് കരുതുന്ന രക്ഷിതാക്കൾക്ക് വരുന്ന അക്കാദമിക വർഷവും ഇതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു .

ദേശീയ വിദ്യാഭ്യാസ നയ (2020) പ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് മാനദണ്ഡം നടപ്പാക്കണമെന്നു നിർദേശിച്ചുകൊണ്ട് കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു. എന്നാൽ ‘നിർബന്ധമായും നടപ്പാക്കണ’മെന്നു കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ നിർദേശിച്ചാൽ പരിഗണിക്കാമെന്നുമാണ് ഇപ്പോൾ സംസ്ഥാനം കൈക്കൊണ്ടിരിക്കുന്ന നിലപാട്.

കേരളത്തിൽ നിലവിലെ രീതി മാറ്റേണ്ടതില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം. എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നുണ്ട്. കൊഴിഞ്ഞുപോക്കു കുറവാണ്. അങ്കണവാടി, പ്രീപ്രൈമറി സംവിധാനങ്ങളും കാര്യക്ഷമമാണ്. പ്രായപരിധി പെട്ടെന്ന് 6 വയസ്സാക്കിയാൽ ആ വർഷം ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലേറെ കുറവുണ്ടാകുമെന്നും കരുതപ്പെടുന്നു. ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. സംസ്ഥാനത്ത് നിലവിൽ കേന്ദ്ര സിലബസ് സ്കൂളുകളിലുൾപ്പെടെ അടുത്തവർഷത്തെ പ്രവേശനം തുടങ്ങിക്കഴിഞ്ഞു.

Related Articles

Latest Articles