Sunday, May 19, 2024
spot_img

ബോട്ട് തകര്‍ന്ന് കടലില്‍ ഒറ്റപ്പെട്ടു, മുലയൂട്ടി മക്കളെ രക്ഷിച്ചു;ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം


നടുക്കടലില്‍ കപ്പല്‍ തകര്‍ന്ന് കുടുങ്ങിപ്പോയ രണ്ട് പ്രണയിനികളിലൊരാള്‍ സ്വന്തം ജീവന്‍ ബലികഴിപ്പിച്ച് കാമുകിയെ രക്ഷിച്ചെടുത്ത കഥ ഏവര്‍ക്കും അറിയാം. ടൈറ്റാനിക് കപ്പല്‍ തകര്‍ന്ന കഥ ഹോളിവുഡിലെ ചരിത്ര വിജയമായിരുന്നു. എന്നാല്‍ വെനസ്വേലയില്‍ നിന്ന് വരുന്ന പുതിയ വാര്‍ത്ത കടലില്‍ വിധി ക്രൂരത കാണിച്ച മറ്റൊരു വാര്‍ത്തയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബോട്ട് തകര്‍ന്ന് അപകടത്തില്‍പ്പെട്ടത് യുവതിയും രണ്ട് മക്കളും ഒരു പരിചാരികയുമാണ്.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നടുക്കടലില്‍ അകപ്പെടുകയായിരുന്നു.വെനിസ്വേലനിയക്കാരി മരിലി ഷാകോണ്‍ രണ്ടും ആറും വയസുള്ള മക്കളും ഒരു പരിചാരികയുമായിരുന്നു. യാത്രക്കിടെ നടുക്കടലില്‍ വെച്ച് ബോട്ട് തകരുകയായിരുന്നു.രക്ഷിക്കാന്‍ ആരുമെത്താതെ നാലുദിവസമാണ് ഇവര്‍ കടലില്‍ കുടുങ്ങിയത്. ഭക്ഷണവും കുടിവെള്ളവുമില്ലാതെ പൊരിഞ്ഞ ചൂടില്‍ അവശരായ മക്കളെ നാലുദിവസം തുടര്‍ച്ചയായി മുലയൂട്ടിയാണ് യുവതി ജീവന്‍ നിലനിര്‍ത്തിയത്.

എന്നാല്‍ സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് മൂത്രം കുടിക്കേണ്ടി വന്നു. പക്ഷെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി മരിലിക്ക് ജീവന്‍ നഷ്ടമായി. ഇവരെ തെരഞ്ഞ് രക്ഷാസംഘം എത്തുമ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ആകെ തളര്‍ന്ന് പേടിച്ച് വിറച്ച് രണ്ട് മക്കള്‍ അമ്മയുടെ മൃതദേഹത്തില്‍ പറ്റിപ്പിടിച്ച് കിടക്കുകയായിരുന്നു.

പരിചാരിക തകര്‍ന്ന ബോട്ടില്‍ അവശേഷിച്ച ഫ്രിഡ്ജിനകത്ത് കയറിയിരുന്നതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു.അതേസമയം മരിലിയുടെ ഭര്‍ത്താവ് അടക്കമുള്ള ബോട്ടിലെ മറ്റ് യാത്രികരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മക്കളെ സന്തോഷിപ്പിക്കാനായാണ് കുടുംബം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടതെന്ന് മരിലിയുടെ പിതാവ് പറഞ്ഞു. കുട്ടികളുടെ നില ഇപ്പോള്‍തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു.

Related Articles

Latest Articles