Wednesday, May 1, 2024
spot_img

ഗാബ ടെസ്റ്റ്: അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി താക്കൂറും സുന്ദറും; ഇന്ത്യ 336ന് പുറത്ത്

ഗാബ: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ തകര്‍ച്ചയുടെ വക്കില്‍ നിന്നും ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ത്യ. ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ 300 കടത്തിയത് സുന്ദര്‍ – ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ്. 33 റണ്‍സിന്റെ ചെറിയ ഒന്നാമിന്നിങ്‌സ് ലീഡ് മാത്രമേ ഓസീസിനുള്ളൂ. 369 റണ്‍സെന്ന ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിലേക്കു ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സെടുത്ത് പുറത്തായി.

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഏഴാം വിക്കറ്റില്‍ 123 റണ്‍സ് പിന്നിട്ടതോടെ ഗബ്ബയിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഏഴാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് സുന്ദര്‍ – ഷാര്‍ദുല്‍ താക്കൂര്‍ കൂട്ടുകെട്ട് സ്വന്തമാക്കിയത്. 67 റണ്‍സെടുത്ത താക്കൂറാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 115 ബോളില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സുന്ദര്‍ 62 റണ്‍സെടുത്ത് പുറത്തായി. 144 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടി. രോഹിത് ശര്‍മ (44), മായങ്ക് അഗര്‍വാള്‍ (38), നായകന്‍ അജിങ്ക്യ രഹാനെ (37) ചേതേശ്വര്‍ പുജാര (25), റിഷഭ് പന്ത് (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഓസീസിനായി ജോഷ് ഹെയ്സല്‍വുഡ് അഞ്ചു വിക്കറ്റുമായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതമെടുത്തു. രണ്ടാം ദിനം മഴയെ തുടര്‍ന്നു കളി നേരത്തേ നിര്‍ത്തി വച്ചിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും (44) ശുഭ്മാന്‍ ഗില്ലിനെയും (7) രണ്ടാം ദിനം തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (20), മാര്‍ക്കസ് ഹാരിസ് (1) എന്നിവരാണ് ക്രീസില്‍. ഓസീസ് ഇപ്പോള്‍ 54 റണ്‍സിന് മുന്നിലാണ്

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടി നടരാജന്‍.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

Related Articles

Latest Articles