ദില്ലി: ഇന്ത്യയിൽ മൂന്ന് റഫേലുകൾ കൂടി ഫെബ്രുവരിയിൽ എത്തും. ഫ്രാൻസിൽ നിന്നും വാങ്ങാൻ തീരുമാനിച്ച 36ൽ ബാക്കിയുള്ള 4 എണ്ണത്തിൽ 3 യുദ്ധവിമാനങ്ങളാണ് വരുന്നത്. അടുത്തമാസം 1, 2 തീയതികളിലായാണ് വിമാനം എത്തുന്നത്. ഫ്രാൻസിലെ ഇസ്ട്രസ് ലേ ട്യൂബ് വ്യോമത്താവളത്തിൽ നിന്നാണ് വിമാനങ്ങൾ പറന്നുയരുക. രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലയിലെ വ്യോമത്താവളമാണിത്. കഴിഞ്ഞ തവണത്തെപ്പോലെ യുഎഇയുടെ ആകാശത്ത് വച്ച് ഇന്ധനം നിറച്ച ശേഷമാകും റഫേൽ ഇന്ത്യയിലേക്ക് യാത്ര തുടരുക. ഇന്ത്യയിലെത്തിയാൽ അംബാല വ്യോമത്താവളത്തിൽ വച്ച് വിമാനത്തിലെ സംവിധാനങ്ങൾ വിപുലപ്പെടുത്തുമെന്നും വ്യോമസേന അറിയിച്ചു.
അതേസമയം ഇന്ത്യയുടെ പൈലറ്റുമാരും സാങ്കേതിക വിദഗ്ധന്മാരും ഫ്രാൻസിലെത്തി ഇതിന്റെ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞെന്ന് പ്രതിരോധ വകുപ്പ് സെക്രട്ടറി അജയ് കുമാർ അറിയിച്ചു. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുഗുണമായ അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ച വിമാനങ്ങളാണിത്. ഒരു വിമാനം മാത്രം പ്രത്യേക നിറം അടിച്ചശേഷം ഏപ്രിൽ മാസത്തിൽ മാത്രമേ എത്തൂ എന്ന വ്യോമസേന അറിയിച്ചു. എന്നാൽ ഇന്ത്യ ഏതൊക്കെ സാങ്കേതിക സംവിധാനങ്ങളാണ് റഫേലിൽ ഘടിപ്പിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ വ്യോമസേന തയ്യാറല്ല. വിമാനത്തിൽ ദീർഘദൂര തദ്ദേശീയ മിസൈലുകൾ ഘടിപ്പിക്കുമെന്നും മറ്റ് വാർത്താവിനിമയ സംവിധാനങ്ങളും ഉണ്ടാകുമെന്നും വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.

