ഹാമില്‍ട്ടണ്‍ : സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി-20 പരമ്പര നേടി. മത്സരം സമനിലയിലാതോടെ സൂപ്പര്‍ ഓവറില്‍ വിജയികളെ തീരുമാനിക്കുകയായിരുന്നു. രോഹിത്തിന്റെ തകര്‍പ്പന്‍ സിക്‌സാണ് പരമ്പരയിലേക്കെത്തിച്ചത്. അഞ്ചും ആറും പന്തില്‍ രോഹിത് സിക്സ് അടിച്ചു. അവസാന ഓവറില്‍ ഒന്‍പത് റണ്‍സായിരുന്നു ന്യൂസിലന്‍ഡിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അതില്‍ എട്ട് റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു.
സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 18 റണ്‍സ്. അവസാന രണ്ടു ബോളില്‍ വിജയലക്ഷ്യം 10 റണ്‍സ്. ക്രീസിലുണ്ടായിരുന്ന രോഹിത് ശര്‍മ കിവീസ് പേസര്‍ ടിം സൗത്തിയെ രണ്ടു തവണ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച് ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിക്കുകയായിരുന്നു. രോഹിത്താണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒമ്പതാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ പിന്നീട് 96 ന് മൂന്ന് എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ മോശം ഫോം മറികടന്ന രോഹിത് ശര്‍മ്മ 40 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറു ബൗണ്ടറിയുമുള്‍പ്പെടെ 65 റണ്‍സെടുത്ത് പുറത്തായി. രാഹുല്‍ 27 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്നാമനായി ശിവം ദുബെയെ ഇറക്കി കോഹ്ലി പരീക്ഷണം നടത്തിയെങ്കിലും വെറും മൂന്ന് റണ്‍ശസടുക്കാനെ ദുബെയ്ക്കായുള്ളു. ട്വന്റി 20 യില്‍ രോഹിതിന്റെ 20-ാം അര്‍ധസെഞ്ചുറിയാണിത്. രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ പതിനായിരം റണ്‍സെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 179 റണ്‍സ് നേടി. ജയമുറപ്പിച്ച് മുന്നേറിയ കിവീസിനെ അവസാന ഓവറില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി ഷമിയാണ് സമനിലയില്‍ പിടിച്ചുകെട്ടിയത്.

