Wednesday, October 7, 2026

അഞ്ച് വർഷത്തെ ഇടവേള!!ഇന്ത്യ-ചൈന വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ദില്ലി : അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ നവംബർ 9 മുതൽ പുനരാരംഭിക്കും. ചൈനീസ് വിമാന കമ്പനിയായ ചൈന ഈസ്റ്റേൺ എയർലൈൻസ് (China Eastern Airlines) ആണ് സർവീസ് പുനരാരംഭിക്കുന്ന ആദ്യ ചൈനീസ് വിമാനക്കമ്പനി.
ഷാങ്ഹായ്ക്കും ദില്ലിക്കും ഇടയിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ചൈന ഈസ്റ്റേൺ നടത്തുക.

ചൈനയിലേക്ക് സർവീസ് പുനരാരംഭിക്കുന്ന ആദ്യ ഇന്ത്യൻ വിമാന കമ്പനി ഇൻഡിഗോ ആയിരിക്കും. ഒക്ടോബർ 26 മുതൽ കൊൽക്കത്തയ്ക്കും ഗ്വാങ്ഷുവിനും ഇടയിൽ ദിവസേന സർവീസ് ആരംഭിക്കും. തുടർന്ന് നവംബർ 10 മുതൽ ദില്ലി -ഗ്വാങ്ഷു സർവീസുകളും തുടങ്ങും. ഈ റൂട്ടുകളിൽ ഇൻഡിഗോ എയർബസ് A320 വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. ഈ വർഷം അവസാനത്തോടെ എയർ ഇന്ത്യയും ചൈനയിലേക്ക് സർവീസ് തുടങ്ങാൻ സാധ്യതയുണ്ട്.

ചൈന ഈസ്റ്റേൺ എയർലൈൻസ് തങ്ങളുടെ വൈഡ് ബോഡി വിമാനങ്ങളായ A330 ആയിരിക്കും സർവീസിനായി ഉപയോഗിക്കുക. മറ്റ് ചൈനീസ് വിമാനക്കമ്പനികളും വൈകാതെ ഇന്ത്യയിലേക്ക് സർവീസുകൾ ആരംഭിക്കുമെന്നാണ് സൂചന.

2020 മാർച്ച് മാസത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര സർവീസുകളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. 2019-ൽ എയർ ഇന്ത്യ, ഇൻഡിഗോ, ചൈന സതേൺ, ചൈന ഈസ്റ്റേൺ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ 539 നേരിട്ടുള്ള വിമാന സർവീസുകൾ നടത്തിയിരുന്നു.

ഇടക്കാലത്ത്, ഇരുരാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യണമെങ്കിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വഴിയുള്ള മൂന്നാമതൊരു രാജ്യം ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം എക്സിലൂടെ അറിയിച്ചു. ഇത് വ്യോമ ഗതാഗത ബന്ധം വർദ്ധിപ്പിക്കുകയും, ജനങ്ങൾ തമ്മിലുള്ള ബന്ധം (people-to-people exchanges) ശക്തിപ്പെടുത്തുന്നതിനും, സാമ്പത്തിക സഹകരണത്തിനും സംഭാവന നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related Articles

Latest Articles