Friday, May 17, 2024
spot_img

പാക്കിസ്ഥാനെതിരേ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച പാക്കിസ്ഥാന്‍ നടപടിക്കെതിരേ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ. വിവിഐപികളുടെ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അനുമതി ഏതൊരു രാജ്യവും സാധാരണ നിലയില്‍ നല്‍കിവരുന്നതാണ്. ഈ ചട്ടമാണ് പാക്കിസ്ഥാന്‍ ലംഘിച്ചിരിക്കുന്നതെന്ന് ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനു വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന പാക്കിസ്ഥാന്‍ നിരസിച്ചത്. ഇക്കാര്യം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. കാഷ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് വ്യോമപാത നിഷേധിച്ചതെന്ന് ഖുറേഷി പറഞ്ഞു.

കാഷ്മീര്‍ ജനതയ്ക്കു പിന്തുണയുമായി ഞായറാഴ്ച പാക്കിസ്ഥാന്‍ കരിദിനം ആചരിച്ചിരുന്നു. സെപ്റ്റംബറില്‍ യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്കു പോകാന്‍ മോദിക്കു പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു. സെപ്റ്റംബറില്‍ത്തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്ലാന്‍ഡ് സന്ദര്‍ശനത്തിനും പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു.

Related Articles

Latest Articles