Monday, October 19, 2026

അന്നദാതാവായി ഭാരതം; ഗോതമ്പ് വിതരണക്കാരായി ഇന്ത്യയെ അംഗീകരിച്ച് ഈജിപ്ത്; പ്രതിനിധി സംഘം രാജ്യത്ത്

 

ദില്ലി: ഭാരതത്തിന്റെ ഗോതമ്പ് ഇനി മുതൽ ഈജിപ്തിലേക്കും. ഇന്ത്യയെ ഗോതമ്പ് വിതരണക്കാരായി ഈജിപ്ത് അംഗീകരിച്ചതായി അറിയിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ.ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. നമ്മുടെ കർഷകർ ലോകത്തെ മുഴുവനായി അന്നമൂട്ടുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൂടാതെ ഇന്ന് നമ്മുടെ കർഷകർ ലോകമെമ്പാടുമുള്ളവരെ അന്നമൂട്ടുകയാണ്. ആഗോളതലത്തിൽ ധാന്യവിതരണത്തിനായി നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ ശ്രദ്ധേയമാണ്. നമ്മുടെ കർഷകർ രാജ്യത്തിന്റെ പത്തായം നിറയ്‌ക്കുന്നു. ലോകത്തെ ഊട്ടാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യാ സന്ദർശനത്തിന് എത്തിയ ഈജിപ്തിൽ നിന്നുള്ള ഭക്ഷ്യവിതരണ അതോറിറ്റി പ്രതിനിധികൾ ഗോതമ്പുൾപ്പെടെയുള്ള ധാന്യങ്ങൾ പരിശോധിച്ചിരുന്നു.തുടർന്ന് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഗോതമ്പും മറ്റ് ധാന്യങ്ങളും മികച്ച ഗുണനിലവാരമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് വിതരണക്കാരായി ഇന്ത്യയെയും ഈജിപ്ത് പരിഗണിച്ചത്.

പ്രതിനിധി സംഘം പഞ്ചാബ്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് എത്തിയത്. പാടശേഖരങ്ങളും, ധാന്യസംഭരണ ശാലകളിലും സംഘം സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിന് ശേഷം സംഘം ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. തുടർന്ന് വിവരം ഇന്ത്യയെ അറിയിക്കുകയായിരുന്നു. ഇന്ത്യയിലെ ഈജിപ്ത് അംബാസ്ഡർ വാലെ മുഹമ്മദ് അവാദ് ഹമീദ് ഉൾപ്പെടെയുള്ളവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം ലോകത്തെ തന്നെ ഏറ്റവും വലിയ ഗോതമ്പ് ഉപഭോക്താവാണ് ഈജിപ്ത്. ഗോതമ്പിനായി റഷ്യയെയും, യുക്രെയ്‌നെയും പ്രധാനമായി ആശ്രയിച്ചിരുന്ന ഈജിപ്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിസന്ധിയിലായി. തുടർന്നാണ് ഇന്ത്യയെ സമീപിച്ചത്.

Related Articles

Latest Articles