Friday, May 3, 2024
spot_img

നിലപാട് കടുപ്പിച്ച് ഭാരതം !രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാർ

ദില്ലി : ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ നൽകുന്നത് നിർത്തിവച്ച് മണിക്കൂറുകൾക്കുള്ളിൽ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഭാരതം ആവശ്യപ്പെട്ടു. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദേശം. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

‘ഇന്ത്യയ്ക്ക് കാനഡയിലുള്ളതിനേക്കാൾ ഏറെയാണ് ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര സാന്നിധ്യം. അതിനാൽ എണ്ണം കുറയ്ക്കേണ്ടതുണ്ട്. നയതന്ത്രജ്ഞരുടെ എണ്ണത്തിൽ തുല്യത വേണമെന്ന് ഞങ്ങൾ കനേഡിയൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അവരുടെ എണ്ണം കാനഡയിൽ ഞങ്ങളേക്കാൾ വളരെ കൂടുതലാണ്. എണ്ണം കുറയ്ക്കാൻ അവർ തയാറാകുമെന്ന് കരുതുന്നു. ആഭ്യന്തര കാര്യങ്ങളിലുള്ള കനേഡിയൻ നയതന്ത്ര ഇടപെടലും ഒരു ഘടകമാണ്. ” ’ – വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുള്ളതിനാലാണ് വീസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചതെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി. ‘സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയുള്ളതാണ്. ഈ പ്രസ്താവനയ്ക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. സുരക്ഷാ പ്രശ്നമുള്ളതിനാൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലെയും കോൺസുലേറ്റുകളിലെയും വീസ അപേക്ഷ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും വിവരം കാനഡ പങ്കുവച്ചിട്ടില്ല.’ – അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles