Tuesday, October 13, 2026

പ്രസിഡന്റിന്റെ വസതിയിൽ നിന്ന് പ്രക്ഷോഭകർ പിന്മാറിയില്ല; നേതൃത്വമില്ലാതെ ശ്രീലങ്ക; ഇന്ത്യ തൽക്കാലം ഇടപെടില്ല

കൊളംബോ: പ്രസിഡന്റ് ഗോതബയ ഈ മാസം 13 ന് സ്ഥാനമൊഴിയുമെന്ന സ്പീക്കറുടെ പ്രഖ്യാപനം വന്നശേഷവും ശ്രീലങ്കയിൽ കലാപമടങ്ങിയില്ല. രാത്രി വൈകിയും കൊളംബോ അടക്കമുള്ള നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തി. പ്രസിഡന്റിന്റെ വസതിയിൽ നിന്ന് പ്രക്ഷോഭകർ ഇനിയും പിൻവാങ്ങിയിട്ടില്ല. പ്രധാനമന്ത്രിയുടെ വസതി അഗ്നിക്കിരയാക്കി. അതേസമയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ തൽക്കാലം ഇടപെടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൊളംബോ തുറമുഖത്തെ ജീവനക്കാരനിൽനിന്നു കിട്ടിയ വിഡിയോ പ്രസിദ്ധീകരിച്ച ന്യൂസ്ഫസ്റ്റ് എന്ന ശ്രീലങ്കൻ മാധ്യമം ലങ്കൻ നാവികസേനയുടെ ഗജബാഹു എന്ന കപ്പലിൽ ഒരു വിഐപി പുറപ്പെട്ടു എന്നു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ ഓഫിസും ശ്രീലങ്കൻ സൈന്യവും അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുക മാത്രമാണു ചെയ്തതെന്നു പറയുന്നു. ഇതിനിടെ, കൊളംബോയിലെ ബന്ദാരനായക വിമാനത്താവളത്തിലേക്കു വിഐപി വാഹനങ്ങൾ പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കപ്പൽമാർഗമോ വിമാനമാർഗമോ രാജപക്സെ രാജ്യം വിട്ടിരിക്കാം, അല്ലെങ്കിൽ അത്തരമൊരു പ്രതീതി സൃഷ്ടിച്ച ശേഷം ഏതെങ്കിലും സൈനിക കേന്ദ്രത്തിൽ തുടരുകയുമാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗോതാബയ രാജപക്‌സെ ബുധനാഴ്ച രാജിവെക്കുമെന്ന് പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ്പ അബേവർധന രാത്രി വൈകി അറിയിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് ചേർന്ന സർവകക്ഷി നേതാക്കളുടെ യോഗം പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും ഉടൻ രാജിവെക്കണമെന്നും ഏഴുദിവസത്തിനകം പാർലമെന്റ് വിളിച്ചുകൂട്ടി ആക്ടിങ് പ്രസിഡന്റിനെ നിയമിക്കണമെന്നും സർവകക്ഷിയോഗം ആവശ്യപ്പെട്ടു. പാർലമെന്റിൽ ഭൂരിപക്ഷമുള്ള അംഗം പ്രധാനമന്ത്രിയാകുകയും ഇടക്കാല സർവകക്ഷി സർക്കാർ രൂപവത്‌കരിക്കുകയും വേണം. ശേഷം തിരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാർ അധികാരത്തിൽ വരണമെന്ന് യോഗത്തിൽ വിവിധ പാർട്ടികൾ അറിയിച്ചു. ഇതിനുശേഷമാണ് ഗോതാബയ രാജിതീരുമാനം അറിയിച്ചത്. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതുവരെ അപേവർധന ആക്ടിങ് പ്രസിഡന്റാകണമെന്ന് സർവകക്ഷിയോഗം ആവശ്യപ്പെട്ടു.

Related Articles

Latest Articles