ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ നാവികസേന തകർത്ത ഇറാന്റെ യുദ്ധക്കപ്പൽ ‘ഐറിസ് ദേന’യ്ക്ക് (IRIS Dena) ഇന്ത്യ സുരക്ഷിത താവളം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ട്. വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര കപ്പൽ പ്രദർശനത്തിലും ‘മിലാൻ-2026’ നാവിക അഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഈ കപ്പൽ. ഐറിസ് ദേനയ്ക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്ന് ഏതെങ്കിലും ഇന്ത്യൻ തുറമുഖത്തേക്ക് അടുക്കാൻ ഇന്ത്യ നിർദ്ദേശിച്ചിരുന്നുവെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ സുരക്ഷാ നിർദ്ദേശം നിലനിൽക്കെത്തന്നെ, മാർച്ച് നാലിന് പുലർച്ചെ അമേരിക്കൻ നാവികസേന ഐറിസ് ദേനയെ ആക്രമിച്ചു തകർക്കുകയായിരുന്നു. അമേരിക്കൻ അന്തർവാഹിനി തകർത്തതിന് പകരമായാണ് ഇറാൻ കപ്പലിനെ യുഎസ് ലക്ഷ്യമിട്ടത്. ആക്രമണസമയത്ത് 180 ഓളം ഇറാനിയൻ സൈനികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. കൊല്ലപ്പെട്ട 87 പേരുടെ മൃതദേഹങ്ങൾ ലങ്കൻ സൈന്യം ഗാലെയിലെ ആശുപത്രിയിലെത്തിച്ചു. ബാക്കിയുള്ള 60 ഓളം പേരെ കണ്ടെത്താനായിട്ടില്ല.
രക്ഷപ്പെടുത്തിയ 32 നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് അമേരിക്ക ശ്രീലങ്കൻ സർക്കാരിനോട് ആവശ്യപ്പെട്ടത് നയതന്ത്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിനിടെ, ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പലിനെ മുൻകൂർ മുന്നറിയിപ്പില്ലാതെ തകർത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായിരിക്കെ, ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയ കപ്പലിന് നേരെ നടന്ന ആക്രമണം മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ഇറാൻ നാവികസേനയുടെ മറ്റൊരു കപ്പലായ ‘ഐറിസ് ലാവൻ’ (IRIS Lavan) നിലവിൽ കൊച്ചി തുറമുഖത്ത് സുരക്ഷിതമായി അടുപ്പിച്ചിട്ടുണ്ട്. ഐറിസ് ദേന തകർക്കപ്പെട്ട അതേ ദിവസം തന്നെയാണ് സാങ്കേതിക തകരാറുകളെത്തുടർന്ന് ഈ കപ്പൽ കൊച്ചിയിലെത്തിയത്. 183 ജീവനക്കാരുള്ള കപ്പലിന് ഇന്ത്യ പൂർണ്ണ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. നാവികസേനാംഗങ്ങളെ കൊച്ചി നേവൽ ബേസിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നത് സമാധാനത്തിന് ഭീഷണിയാണെന്നും ഇന്ത്യ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

