Friday, May 10, 2024
spot_img

രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ കേസുകൾ; 58 മരണം

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ മാറ്റമില്ലാതെ ഉയരുന്നു. 24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760 ആക്ടീവ് കേസുകളാണുള്ളത്. മരണ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 58 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,660 ആയി. വെള്ളിയാഴ്ച 20,038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 47 മരണവും റിപ്പോ‍ർട്ട് ചെയ്തിരുന്നു.

കേരളത്തിലും കൊവിഡ് വ്യാപന തോതിന് മാറ്റമില്ല. ഇന്നലെ 2,871 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 729 പേർക്ക് ജില്ലയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം-634, കൊല്ലം-348, കോട്ടയം-291, തൃശ്ശൂർ-182, പത്തനംതിട്ട-171, ആലപ്പുഴ-161, പാലക്കാട്-97, കോഴിക്കോട്-67, മലപ്പുറം-64, ഇടുക്കി-57, കണ്ണൂർ-38, കാസർകോട്-17, വയനാട്-15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗികളുടെ എണ്ണം. എന്നാൽ വെള്ളിയാഴ‍്‍ച സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്തില്ല.

അതേസമയം സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് വിതരണം ഇന്നലെ തുടങ്ങി. 656 കേന്ദ്രങ്ങളിലൂടെയാണ് വെള്ളിയാഴ‍്‍ച കരുതൽ ഡോസ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ ആകെ 1,002 കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ പ്രവര്‍ത്തിച്ചു. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ഇനിയും കൊവിഡ് കുറഞ്ഞിട്ടില്ലാത്തതിനാൽ എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സീനെടുക്കാന്‍ ശേഷിക്കുന്നവര്‍ മടിച്ച് നിൽക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കൂ. സെപ്തംബര്‍ മാസം അവസാനം വരെ ഇത് തുടരും. സംസ്ഥാനത്ത് നിലവിൽ വാക്‌സീൻ ക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles