Monday, May 6, 2024
spot_img

ഭാരതം ഇസ്രയേലിനൊപ്പം !ഇസ്രായേലിൽ കടന്നുകയറിയുള്ള ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് തിരിച്ചടി ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിൽ കടന്നുകയറിയുള്ള ഹമാസ് ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു.

“ഇസ്രയേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നേരത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.

‘‘ഇസ്രയേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും’’ നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തി
രാജ്യത്തിനെതിരെ അക്രമം നടത്തിയതിലൂടെ ഹമാസ് ​ഗുരുതരമായ തെറ്റ് ചെയ്തതായി ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. പലസ്തീനിയൻ സംഘം ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു. യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കാബിനറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതെ സമയം ഫ്രാൻസും യുക്രെയ്‌നും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നു.

പലസ്തീനിയൻ ആയുധധാരികൾ പല നഗരങ്ങളിലും നുഴഞ്ഞുകയറിയതായും താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് ഇസ്രയേല്‍ സൈന്യം എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. ഓപ്പറേഷന്‍ എയേണ്‍ സ്വോര്‍ഡ്‌സ് എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചിരിക്കുന്നത്.

5,000-ഓളം റോക്കറ്റുകൾ തങ്ങൾ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാൻഡറായ മുഹമ്മദ് അൽ ഡെയ്ഫ് പറഞ്ഞിരുന്നത്. തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഹമാസ് പ്രവർത്തകർ വഴിയിൽ സഞ്ചരിക്കുന്നവർക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ദൃശ്യങ്ങൾ സാമൂഹക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Articles

Latest Articles