Saturday, May 18, 2024
spot_img

ദക്ഷിണാഫ്രിക്ക തവിട് പൊടി !ഈഡൻ ഗാർഡൻസിൽ ബാവുമ്മയെയും സംഘത്തെയും 243 റൺസിന് കെട്ടുകെട്ടിച്ച് ഇന്ത്യ ! എട്ടാം ജയത്തോടെ അപരാജിത കുതിപ്പ് തുടർന്ന് രോഹിതും സംഘവും

കൊൽക്കത്ത : ഈഡൻ ഗാർഡൻസിൽ നടന്ന ഏകദിന ലോകകപ്പ് മത്സരത്തിൽ കരുത്തന്മാരായ ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്തെറിഞ്ഞ് വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ ലോകകപ്പിലെ തുടർച്ചയായ എട്ടാം ജയത്തോടെ അപരാജിത കുതിപ്പ് തുടർന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ നിന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും പിടിച്ചെടുത്തു. പിറന്നാൾ ദിനത്തിൽ സെഞ്ചുറിയുമായി കളം നിറഞ്ഞ വിരാട് കോഹ്ലി കളിയിലെ താരമായി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് അടിച്ചെടുത്തത്. വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83 റൺസിന് എല്ലാവരും കൂടാരത്തിലെത്തി. ഒൻപത് ഓവറിൽ 33 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇത്തവണ കൂടുതൽ തിളങ്ങിയത്.

30 പന്തിൽ ഒരു ഫോർ സഹിതം 14 റൺസ് നേടിയ മാർക്കോ ജാൻസനാണ് ടോപ് സ്കോറർ. നായകൻ ടെംബ ബാവുമ 19 പന്തിൽ ഒരു ഫോർ സഹിതം 11 രൺസെടുത്തും, റാസ്സി വാൻഡർ ദസ്സൻ 32 പന്തിൽ ഒരു ഫോർ സഹിതം 13 റൺസെടുത്തും ഡേവിഡ് മില്ലർ 11 പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്തും പുറത്തായി.

ഈ ലോകകപ്പിൽ മിന്നുന്ന ഫോമിലുള്ള ക്വിന്റൻ ഡികോക്ക് ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയതാണ് ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിലാക്കിയത്. ഡികോക്ക് 10 പന്തിൽ ഒരേയൊരു ഫോർ സഹിതം അഞ്ച് റൺസെടുത്ത് പുറത്തായി. എയ്ഡൻ മർക്രം (ആറു പന്തിൽ ഒൻപത്), ഹെൻറിച് ക്ലാസൻ (11 പന്തിൽ ഒന്ന്), കേശവ് മഹാരാജ് (11 പന്തിൽ ഏഴ്), കഗീസോ റബാദ (26 പന്തിൽ ആറ്), ലുങ്കി എൻഗിഡി (0) എന്നിവരും നിരാശപ്പെടുത്തി. ഷംസി നാലു റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ പിറന്നാൾ ദിനത്തിൽ മൂന്നക്കം തികച്ച വിരാട് കോഹ്ലിയുടെ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ 327 റൺസിന്റെ വമ്പൻ വിജയലക്ഷ്യമുയർത്തിയത് . കരിയറിലെ തന്റെ 49–ാം സെഞ്ചുറി തികച്ച കോഹ്ലി ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ തെന്‍‍ഡുൽ‌ക്കർക്കൊപ്പമെത്തി. 119 പന്തുകളിൽ നിന്നാണ് കോഹ്ലി സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്.

121 പന്തുകൾ നേരിട്ട കോലി 101 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ 87 പന്തുകളിൽനിന്ന് 77 റൺസെടുത്തു. 15 പന്തുകളിൽനിന്ന് 29 റൺസെടുത്ത് രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ റൺ റേറ്റ് ഉയർത്തി.

ഓപ്പണർമാരായ രോഹിത് ശർമയും (24 പന്തിൽ 40), ശുഭ്മന്‍ ഗില്ലും (24 പന്തിൽ 23) മികച്ച അടിത്തറയാണ് ഇന്ത്യൻ സ്‌കോർ ബോർഡിന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ട് 62 റൺസാണ് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.

തകർപ്പൻ ഫോമിൽ ബാറ്റ് വീശുകയായിരുന്ന രോഹിത് ശർമയെ പുറത്താക്കി കഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ വിക്കറ്റു വീഴ്ത്തിയത്. സ്കോർ 93 ൽ നിൽക്കെ . കേശവ് മഹാരാജിന്റെ പന്തിൽ ബോൾഡായി ശുഭ്മൻ ഗില്ലും തിരികെ മടങ്ങി. പിന്നീട് ഒന്നിച്ച വിരാട് – ശ്രേയസ് അയ്യർ സഖ്യം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.എന്നാൽ ലുങ്കി എൻഗിഡിയുടെ പന്തിൽ മർക്റാമിനു പിടികൊടുത്ത് അയ്യർ മടങ്ങി.

പിന്നീടിറങ്ങിയ കെ.എൽ. രാഹുലിനും (17 പന്തിൽ എട്ട്), സൂര്യകുമാർ യാദവിനും (14 പന്തിൽ 22) തിളങ്ങാനായില്ല. ശ്രദ്ധയോടെ, അനാവശ്യ ഷോട്ടുകൾ ഒഴിവാക്കി കളിച്ച കോഹ്ലി 119 പന്തുകളിൽ നിന്നാണ് പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, മാർക്കോ ജാൻസെൻ, കഗിസോ റബാദ, കേശവ് മഹാരാജ്, തബ്‍രെയ്സ് ഷംസി എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

Related Articles

Latest Articles