Sunday, May 26, 2024
spot_img

ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കാൻ ഭാരതം; ദക്ഷിണ ചൈനാ കടലിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാനൊരുങ്ങി ഇന്ത്യൻ നാവിക സേന

ദില്ലി: ഭാരതത്തിനോട് വളരെയധികം സൗഹൃദം നിലനിർത്തുന്ന മറ്റു രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദക്ഷിണ ചൈനാ കടലിലേക്ക് ഈ മാസം തന്നെ യുദ്ധക്കപ്പലുകള്‍ അയയ്ക്കാൻ ഒരുങ്ങി ഇന്ത്യ. ദക്ഷിണ ചൈന കടലില്‍ ചൈനയെ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന നീക്കത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ ഭാരതം ഒരുങ്ങുന്നുവെന്ന സൂചനയും ലഭിക്കുന്നുണ്ട്.

രണ്ട് മാസക്കാലത്തേക്ക് നാല് യുദ്ധക്കപ്പലുകളെയാവും ദക്ഷിണ ചൈനാ കടലില്‍ അടക്കം രാജ്യം വിന്യസിക്കുക. ഇവയില്‍ ഒന്ന് മിസൈല്‍ ആക്രമണം ചെറുക്കാന്‍ ശേഷിയുള്ളതും മറ്റൊന്ന് മിസൈലുകളെ തകര്‍ക്കാനുള്ള സംവിധാനങ്ങള്‍ ഉള്ളതുമാണ്. സൗഹൃദ രാജ്യങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് യുദ്ധക്കപ്പലുകളെ ഇത്തരത്തില്‍ വിന്യസിക്കുന്നതെന്ന് ഇന്ത്യൻ നാവികസേന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ് ദക്ഷിണ ചൈനാ കടല്‍. തങ്ങളുടെ അതിര്‍ത്തിയില്‍പ്പെടുന്ന പ്രദേശമാണ് ഇതെന്ന ചൈനയുടെ അവകാശവാദം അമേരിക്ക ഇതുവരെയും അംഗീകരിച്ചിട്ടില്ല. അമേരിക്കയുടെ വിമാനവാഹിനി കപ്പലുകള്‍ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തില്‍ ജൂണില്‍ ദക്ഷിണ ചൈനാ കടലില്‍ എത്തിയിരുന്നു.

ചൈനയുടെ ശത്രുതയ്ക്ക് ഇടയാക്കുന്ന നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയോടെയാണ് നേരത്തെ മുതല്‍ നടത്താറുള്ളത്. എന്നാല്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അന്തരീക്ഷം ഇപ്പോൾ മാറിയിട്ടുണ്ട്. അമേരിക്കയുമായി ചേര്‍ന്ന് ചൈനക്കെതിരായ നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യ തുടങ്ങിയതായും പറയുന്നു. മാത്രമല്ല ദക്ഷിണ ചൈനാ കടലില്‍ എത്തുന്ന ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയുടെ യുദ്ധക്കപ്പലുകളുമായി ചേര്‍ന്ന് വാര്‍ഷിക നാവികാഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുക്കുമെന്നും അറിയിപ്പുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles