ചെന്നൈ: ചെപ്പോക്കിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് വൻവിജയം 227 റൺസിനാണ് ഇന്ത്യയുടെ തോൽവി .അഞ്ചാം ദിവസം ആദ്യ മണിക്കൂറിൽ തന്നെ ചേതേശ്വർ പൂജാരയുടെ(15 റൺസ് )വിക്കറ്റ് പോയിരുന്നു. പിന്നെ എല്ലാം ചടങ്ങു മാത്രം. ഇന്ത്യ 192 റൺസിന് ആൾ ഔട്ട് ആയി .കോലി 72 റൺസും ശുഭ്മാൻ ഗിൽ 50 റൺസും എടുത്തു .
20ാം ഓവറിൽ ചേത്വേശർ പൂജാരയുടെ (15) വിക്കറ്റാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മൂന്നാംവിക്കറ്റിൽ ശുഭ്മാൻ ഗില്ലും (50) വിരാട് കോലിയും ചേർന്നു 34 റൺസ് കൂട്ടിച്ചേർത്തു. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ 27ാം ഓവറിൽ ഗിൽ മടങ്ങി. അതേ ഓവറിൽ തന്നെ ഉപനായകൻ അജിന്‍ക്യ രഹാനെ സംപൂജ്യനായി മടങ്ങി. പിന്നീട് ക്രീസിലെത്തിയത്, ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷയർപ്പിച്ച ഋഷഭ് പന്ത്. നായകൻ കോലിയുമായി ചേർന്ന് പന്ത് ശ്രദ്ധയോടെ ബാറ്റുവീശിയെങ്കിലും 33ാം ഓവറിൽ പന്തിനെ ആൻഡേഴ്സൻ മടക്കി.
തൊട്ടടുത്ത ഓവറിൽ ആദ്യ ഇന്നിങ്സിൽ വീരോചിത അർധസെഞ്ചുറി നേടിയ വാഷിങ്ടനെ സുന്ദറിനെ ഡോം ബെസ് സംപൂജ്യനായി മടക്കി. പിന്നീട് കോലി–അശ്വിൻ സംഖ്യം വീണ്ടും ഇന്ത്യയ്ക്ക് ‘സമനില’ പ്രതീക്ഷ നൽകി. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്നു 54 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ 52 ഓവറിൽ ജാക്ക് ലീച്ച് അശ്വിൻ ബട്‌ലറുടെ കൈകളിൽ എത്തിച്ചു.

