Tuesday, May 7, 2024
spot_img

ഇന്ത്യ ഇനി ഇലക്ട്രിക് യുഗത്തിലേക്ക്; ടെസ്ല എത്തി; ആവേശത്തോടെ വാഹനപ്രേമികള്‍

ബെംഗളൂരു: ലോകത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയില്‍ നിര്‍മാണ കമ്പനി ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇന്ത്യയിൽ ആർഡി യൂണിറ്റും നിർമ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബെംഗളൂരുവിൽ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ പുതിയ കമ്പനി ഓഫീസും ഇതോടൊപ്പം രജിസ്റ്റർ ചെയ്തു. ”ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കർണാടക നേതൃത്വം നൽകും. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഈലൺ മസ്കിനെ ഞാൻ ഇന്ത്യയിലേക്കും കർണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നുവെന്നും, അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു”- എന്നും കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ, ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒന്നര കോടി രൂപയുടെ മൂലധനത്തോടെയാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടെസ്ലയുടെ സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്‌റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്ലയുടെ ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി മാറുമെന്നാണ് മസ്‌കിന്റെ പ്രവചനം. എട്ട് ലക്ഷം കോടിയുടെ ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെസ്ല മോഡല്‍ ത്രി മാത്രമാണ് രാജ്യത്തേക്ക് എത്തിക്കുന്നത്. ഇറക്കുമതിയില്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതോടെയാണ് ടെസ്ല ഇന്ത്യന്‍ നിക്ഷേപം നടത്താനായി ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കർണാടകയും മഹാരാഷ്ട്രയും ടെസ്ലയുടെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ടെസ്ല അധികൃതർ ചർച്ചകളും നടത്തിയിരുന്നു.

അതേസമയം 2021 തുടക്കത്തോടെ ടെസ്ല ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ടെസ്ല മേധാവി ഈലൺ മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. നിരവധി ഇലക്ട്രോണിക് വാഹനപ്രേമികൾ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്.

ടെസ്ല ആഢംബര കാറുകളെക്കുറിച്ച് ടീം തത്വമയി സംപ്രേക്ഷണം ചെയ്ത എക്സ്ക്ലൂസീവ് വീഡിയോ കാണാം. https://youtu.be/a-Mmg5TzkIQ

Related Articles

Latest Articles